ജയിന്‍ ജേക്കബ് സി.പി.എ റോക്ക്‌ലാന്റ് റെന്റ് ഗൈഡ് ലൈസന്‍സ് ബോര്‍ഡില്‍

11:35am 6/6/2016

Newsimg1_25607657
ന്യൂസിറ്റി, ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടി റെന്റ് ഗൈഡ് ലൈസന്‍സ് ബോര്‍ഡിലേക്ക് ജയിന്‍ ജേക്കബ് സി.പി.എ അടക്കം നാലുപേരെ കൗണ്ടി ലെജിസ്ലേറ്റര്‍ ശുപാര്‍ശ ചെയ്തു. ഇവര്‍കൂടി അംഗങ്ങളാകുന്നതോടെ ഒമ്പതംഗ ബോര്‍ഡ് പൂര്‍ണ്ണമാകും.

‘ഓരോ രംഗത്തും മികവുറ്റതും വ്യത്യസ്തവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരാണ് ഈ നാലുപേരും. കൗണ്ടിയോടുള്ള പ്രതിബദ്ധത ഇതിനകം തെളിയിച്ചിട്ടുള്ള അവര്‍, അവരുടെ വൈദഗ്ധ്യം പങ്കുവെയ്ക്കാന്‍ തയാറായി’- ലെജിസ്ലേറ്റീവ് ചെയര്‍മാന്‍ ആല്‍ഡന്‍ എച്ച് വൂള്‍ഫ് ചൂണ്ടിക്കാട്ടി.

വാടക നിജപ്പെടുത്തിയിരിക്കുന്ന ഹാവര്‍സ്‌ട്രോയിലേയും, സ്പ്രിംഗ് വാലിയിലേയും കെട്ടിടങ്ങളില്‍ വാടക എത്രത്തോളം വര്‍ദ്ധിപ്പിക്കാമെന്നും മറ്റും തീരുമാനിക്കുന്നത് ബോര്‍ഡാണ്. കൗണ്ടി ലെജിസ്ലേച്ചറിന്റെ ശുപാര്‍ശയില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹൗസിംഗ് ആന്‍ഡ് കമ്യൂണിറ്റി റിന്യൂവല്‍ കമ്മീഷണരാണു നിയമനം നടത്തുന്നത്. വാടകക്കാരെ പ്രതിനിധീകരിക്കുന്ന രണ്ടു പേരും, കെട്ടിട ഉടമകളെ പ്രതിനിധീകരിക്കുന്ന രണ്ടുപേരും ജനപ്രതിനിധികളായ അഞ്ചുപേരും ചേര്‍ന്നതാണ് ബോര്‍ഡ്. സാമ്പത്തികം, ഹൗസിംഗ് മേഖലകളില്‍ അഞ്ചുവര്‍ഷത്തെ പരിചയമുള്ളവരാണ് അംഗങ്ങളാകുക.

ഐക്യകണ്‌ഠ്യേനയാണ് നാലുപേരെ കൗണ്ടി ലെജിസ്ലേറ്റര്‍ നോമിനേറ്റ് ചെയ്തത്.

സി.പി.എ .ക്ക് ശേഷം എം.ബി.എയ്ക്ക് പഠിച്ചുകൊണ്ടിരിക്കെ ന്യൂയോര്‍ക്ക് സിറ്റി ഫൈനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായ ജയിന്‍ ജേക്കബ് പിന്നീട് ഏറ്റവും വലിയ അക്കൗണ്ടിംഗ് സ്ഥാപനമായ ഡിലോയിറ്റില്‍ ടാക്‌സ് സീനിയര്‍ മാനേജറായിരുന്നു. 2007 മുതല്‍ ന്യൂസിറ്റിയില്‍ ഫൈനാന്‍സ് – ടാക്‌സ് പ്രാക്ടീസ് നടത്തുന്നു.

രാമപ്പോ- കാറ്റ്‌സ്കില്‍ ലൈബ്രറി സിസ്റ്റം ബോര്‍ഡ് അംഗമായും പ്രവര്‍ത്തിക്കുന്ന ജെയിന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് സൊസൈറ്റി ഓഫ് സി.പി.എ പേഴ്‌സണല്‍ ആന്‍ഡ് ഫൈനാന്‍സ് കമ്മിറ്റി അംഗമാണ്. റോക്ക്‌ലാന്റ് കൗണ്ടി സി.പി.എ ബോര്‍ഡ് അംഗവുമാണ്. ചിക്കാഗോ ഡയോസിസ് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായിരുന്നു. റോക്ക്‌ലാന്റ് സീറോ മലബാര്‍ സെന്റ് മേരീസ് മിഷന്‍ ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ്. ഭാര്യ: ഡോ. റീന ജേക്കബ്.