ജര്‍മന്‍ക്കാരന്റെ ഗിന്നസ് റിക്കാര്‍ഡ് തകര്‍ത്ത അബീഷ് ഒരു ചുവപ്പ് നാട അഴിക്കുവാന്‍ ശ്രമം തുടങ്ങിയിട്ട് 9 വര്‍ഷം

11;04 pm 19/11/2016
Newsimg1_94634509
പൂഞ്ഞാര്‍: ഒരു മിനിറ്റിനുളളില്‍ 136 തേങ്ങ കൈ കരുത്തില്‍ തല്ലിയുടച്ച് ജര്‍മന്‍ക്കാരന്റെ ഗിന്നസ് റിക്കാര്‍ഡ് തകര്‍ത്ത അബീഷ് ആനവണ്ടി ഒറ്റക്ക് 50 മീറ്റര്‍ വലിച്ചു നീക്കിയാലും ഒരു ചുവപ്പ് നാട അഴിക്കുവാന്‍ ശ്രമം തുടങ്ങിയിട്ട് 9 വര്‍ഷം.

യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം ഗാന ഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ദാന ചടങ്ങിന് മുമ്പ് നടന്ന യു.ആര്‍.എഫ് ടീം സംഗമ വേദിയില്‍ ആണ് ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി.എംപാനല്‍ മെക്കാനിക്കല്‍ ജീവനക്കാരനായ പൂഞ്ഞാര്‍ തെക്കെകകര കൈപ്പള്ളി പുതുപറമ്പില്‍ അബീഷ് തന്റെ മുമ്പിലുള പ്രാരാബ്ദങ്ങള്‍ പങ്ക് വെച്ചത്. ശരീരം ഉരുക്ക് പോലെ ആണെങ്കിലും മനസിന്റെ നിഷ്കളങ്കതയില്‍ വാക്കുകള്‍ പതറി; എന്നാല്‍ അരികില്‍ ഉണ്ടായിരുന്ന യു.ആര്‍.എഫ് ഏഷ്യ ജൂറി ചെയര്‍മാന്‍ ഡോ.ഗിന്നസ് സുനില്‍ ജോസഫും ഗിന്നസ് പ്രജീഷ് കണ്ണനും അബീഷിന്റെ തോളില്‍ തട്ടി ധൈര്യം പകര്‍ന്നു. തന്റെ കൊച്ചു വീട്ടില്‍ സൂക്ഷിക്കാന്‍ പറ്റാത്ത നിലയില്‍ ലോക റിക്കാര്‍ഡുകള്‍ ഉള്‍പെടെ സ്വന്തമാക്കിയിട്ടുളള അബീഷ് ജീവിതത്തിനും മരണത്തിനുമിടയില്‍ ആയിരക്കണക്കിന് ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി സാഹസീക അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിന്റെ രഹസ്യം തിരിച്ചറിഞ്ഞപ്പോള്‍ ഏവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.

തിരികെ സീറ്റിലെത്തിയപ്പോള്‍ കൈ കാണട്ടെയെന്ന് ആതിര മുരളി ആവശ്യപെട്ടതോട് കൂടി ഉരുക്ക് പാളി പോലുള്ള ആ കൈപ്പത്തി ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയുടെയും ആതിര മുരളിയുടെയും മുമ്പിലേക്ക് നീട്ടി. അല്പം നര്‍മ്മം ചാലിച്ച് ലിജോ ജോര്‍ജ് ആ ചിത്രമെടുക്കുമ്പോള്‍ ഏറ്റവും മുതിര്‍ന്ന റിക്കാര്‍ഡ് ഹോള്‍ഡര്‍ കോട്ടയം ബാബുരാജ് ചിരിയുടെ മാലപടക്കം പൊട്ടിക്കുവാന്‍ ഉള്ള തമാശ പറഞ്ഞെങ്കിലും അബീഷിന്റ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു.

പത്താം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ 5 തേങ്ങ കൈ കൊണ്ട് ഉടച്ചായിരുന്നു അബീഷിന്റെ തുടക്കം. ഇതിനായി കരിക്കല്ലില്‍ ഇടിച്ച് കൈ പരുവപെടുത്തി. പിന്നീട് ജിംനേഷ്യത്തില്‍ പോയി പരിശീലനവും കൈമുട്ട് കൊണ്ട് തേങ്ങയും ഹെല്‍മറ്റും ഉടയ്ക്കുന്നത് ശീലിച്ചു. പഞ്ചഗുസ്തിയില്‍ സംസ്ഥാന തലത്തില്‍ സമ്മാനം നേടി കൈ കരുത്ത് തെളിയിച്ചിട്ടുണ്ട്.

പിന്നീട് ഐ.ടി.എ പഠിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ താത്ക്കാലിക ജീവനക്കാരനായി. വര്‍ഷം 9 കഴിഞ്ഞിട്ടും സ്ഥിരപെടുത്താന്‍ അധികൃതര്‍ തയ്യാറാകഞ്ഞതുമൂലം പല നിവേദനങ്ങള്‍ മുന്‍ സര്‍ക്കാരിന് നല്കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.

മുപ്പത് മാര്‍ബിള്‍ കഷണങ്ങള്‍ ഒന്നിച്ചടുക്കി കൈ കൊണ്ട് തല്ലിയുടയ്ക്കുന്നതും ,ഹെല്‍മറ്റ് ,ഹോക്കിസ്റ്റിക്ക് ,തുടങ്ങിയവ അടിച്ചുടയ്ക്കുന്നതും ആനവണ്ടി പ്രേമികൂടിയായ അബീഷ് 9.5 ടണ്‍ ഭാരമുള്ള കെ.എസ് ആര്‍.ടി.സി ബസ് ഒറ്റക്ക് 50 മീറ്റര്‍ വലിച്ചു നീക്കിയതും ശക്തിയായി കറങ്ങുന്ന ഫാന്‍ നാക്ക കൊണ്ട് നിര്‍ത്തുന്നതിനും യു ആര്‍ എഫ് ഏഷ്യന്‍ റിക്കാര്‍ഡും ഉള്‍പെടെ ഇരുന്നുറിലേറെ സര്‍ട്ടിഫിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അബീഷിന്റെ ജീവിതാഭിലാഷം ഈ സര്‍ക്കാരിന്റെ കാലത്തെങ്കിലും സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.

എന്നാല്‍ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ തുച്ഛമായ വരുമാനം കൊണ്ട് പരിശീലനവും പ്രകടനവും അബിഷ് അഭംഗുരം തുടരുന്നു; ജീവിത വെല്ലുവിളികളെ നേരിടാന്‍ പ്രാര്‍ത്ഥനയും പിന്തുണയുമായി ഒപ്പം ഭാര്യ.