ഗുഡ്‌നെസ് ടിവിയുടെ “”ദാവീദിന്റെ കിന്നരങ്ങള്‍” സംഗീത മെഗാഷോയ്ക്ക് തുടക്കമായി

11:04 pm 19/11/2016

Newsimg1_84565583
കാഞ്ഞിരപ്പള്ളി: ഗുഡ്‌നെസ് ടിവിയുടെ “”ദാവീദിന്റെ കിന്നരങ്ങള്‍” സംഗീത മെഗാഷോയ്ക്ക് കാഞ്ഞിരപ്പള്ളിയില്‍ തുടക്കമായി. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അനേകായിരങ്ങള്‍ക്ക് ആത്മീയ ഉണര്‍വ്വേകുന്ന ദൈവാലയ ഗാനശുശ്രൂഷകരെ അണിനിരത്തി ദൈവാരൂപി പകര്‍ന്നേകുന്ന ഗുഡ്‌നെസ് ടിവിയുടെ സംരംഭങ്ങള്‍ അഭിനന്ദനീയമാണെന്ന് മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.

ഗുഡ്‌നെസ് ടിവി ചെയര്‍മാന്‍ റവ.ഡോ.അഗസ്റ്റിന്‍ വല്ലൂരാന്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണവും ഗുഡ്‌നെസ് ടിവി പ്രോഗ്രാം ഡയറക്ടര്‍ റവ.ഫാ.മാത്യു തടത്തില്‍, ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, റവ.ഫാ.മാത്യു പുത്തന്‍പറമ്പില്‍, ഗുഡ്‌നെസ് ടിവി മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ കെ.ജോസഫ് എന്നിവര്‍ ആശംസകളും നേര്‍ന്നു. പ്രഥമഘട്ടത്തില്‍ കേരളത്തിലെ 31 കേന്ദ്രങ്ങളിലായി 3000-ലേറെ കത്തോലിക്കാ ഇടവകകളില്‍ നിന്നുള്ള ദൈവാലയ ഗായകസംഘങ്ങളാണ് ദാവീദിന്റെ കിന്നരങ്ങളില്‍ പങ്കുചേരുന്നത്. തുടര്‍ന്ന് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്കും അവസരമൊരുക്കും. ഗാനശുശ്രൂഷകളില്‍ സമര്‍പ്പണം നടത്തിയവരെ ആദരിക്കലും ദൈവികാനുഭവങ്ങളുടെ പങ്കുവയ്ക്കലും ഉള്‍ക്കൊള്ളുന്ന സംഗീത മെഗാഷോ പീറ്റര്‍ കെ.ജോസഫ് സംവിധാനം ചെയ്യുന്നു. 2017 ഫെബ്രുവരി മുതല്‍ ഗുഡ്‌നെസ് ടിവി “”ദാവീദിന്റെ കിന്നരങ്ങള്‍”സംപ്രേഷണം ചെയ്യുന്നതാണ്.

ഫാ. മാത്യു പുത്തന്‍പറമ്പില്‍
പി.ആര്‍.ഒ.