ജിഎസ്എൽവി എംകെ3 ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്ന് കുതിച്ചുയരുകയാണ്.

9:28 am 5/6/2017

വിശാഖപട്ടണം: ഭാവിയിൽ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണവുമാണ് ഇന്നു നടക്കുന്നത്. ഐഎസ്ആർഒയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹന(ജിഎസ്എൽവി)ത്തിന്‍റെ എംകെ3 പതിപ്പാണ് വൈകുന്നേരം 5.28-ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്ന് കുതിച്ചുയരുക.

3200 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 19 എന്ന വാർത്താവിനിമയ ഉപഗ്രഹവും ചില ശാസ്ത്രീയ പരീക്ഷണസാമഗ്രികളും തദ്ദേശീയമായി നിർമിച്ച ലിഥിയം അയോണ്‍ ബാറ്ററിയും ബഹിരാകാശത്തെത്തിക്കും. ഫെബ്രുവരിയിൽ പരീക്ഷിച്ച ക്രയോജനിക് മൂന്നാംഘട്ടം (സി25) യഥാവിധി പ്രവർത്തിക്കുമോ എന്നതാണ് വിക്ഷേപണത്തിലെ ഏറ്റവും നിർണായക കാര്യം. എംകെ3യുടെ ഈ വികസന വിക്ഷേപണം വിജയിച്ചാൽ ഇന്ത്യക്ക് ഇടത്തരം വാർത്താവിനിമയ ഉപഗ്രഹങ്ങൾ 36000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കാം. കൂടുതൽ വിലയ ഉപഗ്രഹങ്ങളെ (പത്ത് ടണ്‍ വരെ ഭാരം) 800 കിലോമീറ്റർ ഉയരത്തിലുള്ള താഴ്ന്ന ഭൂഭ്രമണപഥത്തിലും എത്തിക്കാം.

മൂന്നുഘട്ടങ്ങളുള്ള ജിഎസ്എൽവിയുടെ ആദ്യരണ്ട് ഘട്ടങ്ങളും പലതവണ പരീക്ഷിച്ചു വിജയിപ്പിച്ചിട്ടുള്ളതാണ്. 1980-കളിൽ തദ്ദേശീയ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കാതെ റഷ്യയിൽനിന്നു വാങ്ങാൻ തീരുമാനിച്ചതാണ് റോക്കറ്റ് വികസനം വൈകിപ്പിച്ചത്. മിസൈൽ ടെക്നോളജി കണ്‍ട്രോൾ റെഷീം (എംടിസിആർ) കരാറിൽ ഇന്ത്യ ഒപ്പുവയ്ക്കാത്തതിനാൽ ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യക്കു കൈമാറുന്നത് വിലക്കിലായി. രണ്ടു ദശകത്തിനു ശേഷമാണ് വിലക്ക് നീങ്ങിയത്.