ജെ.എന്‍.യു: സംഘപരിവാര്‍ വാദം ശരിവച്ച് മുസ്ലീം ലീഗ് മുഖപത്രം

05:15pm 2/5/2016
download (1)
കൊച്ചി: ജെ.എന്‍.യുവിലെ കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹികളെന്ന സംഘപരിവാര്‍ വാദം ശരിവച്ച് മുസ്ലീം ലീഗ് മുഖപത്രം. പട്ടാമ്പിയില്‍ മത്സരിക്കുന്ന ഇടത് സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തുന്ന ലേഖനത്തിലാണ് സംഘപരിവാര്‍ വാദം ശരിവച്ച് ലീഗ് പത്രത്തില്‍ ലേഖനം. രാജ്യദ്രോഹിക്ക് വേണ്ടി രാജ്യത്തിന്റെ അഭിമാനമായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മുദ്രാവാക്യം വിളിച്ചയാളെന്നാണ് പട്ടാമ്പിയിലെ ഇടത് സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് മുഹ്‌സിനെ ലീഗ് മുഖപത്രം പരിചയപ്പെടുത്തുന്നത്.
കാത്തുകാത്തിരുന്ന പട്ടാമ്പി സീറ്റ് കളയരുതെന്ന് കരുതിയാണ് ഈ അഭിനവ നമ്പൂതിരിപ്പാടിനെ വലതുപക്ഷ കമ്മ്യൂണിസ്റ്റുകാര്‍ ട്രെയിനില്‍ കയറ്റി പട്ടാമ്പി സ്‌റ്റേഷനില്‍ കൊണ്ടിറക്കിയതെന്നും പത്രം പരിഹസിക്കുന്നു. ഇടതുമുന്നണിക്ക് പ്രത്യേകിച്ച് സി.പി.എമ്മുകാര്‍ക്ക് സി.പി.ഐ നേതാക്കളെയാരെയും വേണ്ടന്നും പയ്യനെങ്കില്‍ പയ്യനെന്ന നിലയിലാണ് ഈ കാരാട്ടുകാരന് സീറ്റ് നല്‍കിയതെന്നും പത്രം പറയുന്നു.
കനയ്യ കുമാറാണ് ഗുരുവെങ്കില്‍ എന്തുമാകാമെന്നാണ് സി.പി.എമ്മുകാര്‍ പറയുന്നത്. ആ വഴിക്ക് കിട്ടുന്ന വോട്ടുകള്‍ എങ്ങനെയെങ്കിലും പെട്ടിയിലാക്കാനുമാണ് അവര്‍ നോക്കുന്നതെന്നും പത്രം കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം കനയ്യയെയും മുഹമ്മദ് മുഹ്‌സിനെയും രാജ്യദ്രോഹിയായി ചിത്രീകരിച്ച ലീഗ് മുഖപത്രത്തിലെ ലേഖനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.