യു.പിയില്‍ ഒരു വര്‍ഷം മുന്‍പേ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്

05:22pm 2/5/2016
download (2)
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധിയെയോ രാഹുല്‍ ഗാന്ധിയെയോ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്ക് വേണ്ടിയും ബീഹാറില്‍ നിതീഷ് കുമാറിന് വേണ്ടിയും തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോറാണ് യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രം മെനയുന്നത്.
പ്രശാന്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പ്രിയങ്കയെയോ രാഹുലിനെയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. പ്രിയങ്കയും രാഹുലും ഇക്കാര്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതിച്ചില്ലെങ്കില്‍ ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള ഏതെങ്കിലും പ്രമുഖ നേതാവ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. യു.പിയിലെ ഏതാണ്ട് എല്ലാ സീറ്റകളിലും വിജയിച്ചിരുന്ന കോണ്‍ഗ്രസ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സംസ്ഥാനത്ത് പിന്നോക്കമാണ്. ഈ സാഹചര്യത്തില്‍ അടുത്ത് വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണായകമാണ്.
യു.പിയില്‍ എങ്ങനെയും അധികാരം പിടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രശാന്ത് കിഷോറിന് തങ്ങളുടെ തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിനുള്ള ചുമതല നല്‍കിയത്. കേരളം അടക്കം നാല് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം യു.പിയുടെ കാര്യത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നുമുണ്ടാകും. തെരഞ്ഞെടുപ്പ് ഒരുക്കം മുന്നില്‍ കണ്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെയും പാര്‍ട്ടി നിയമസഭാ കക്ഷി നേതാവിനെയും മാറ്റിയേക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാക്കളെയും മാറ്റിയേക്കും