ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

02.11 AM 29/10/2016
Pinarayi_Vijayan_080516
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. സംസ്‌ഥാനത്ത് ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്‌ഥർക്കിടയിൽ ചേരിപ്പോര് രൂക്ഷമാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ജേക്കബ് തോമസിനെ മാറ്റാൻ ആഗ്രഹിക്കുന്ന വലിയ ഒരു ശക്‌തിയുണ്ട്. പദവിക്ക് നിരക്കാത്ത കാര്യങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ല. ജേക്കബ് തോമസിനെതിരായ സിബിഐ നടപടി അസ്വാഭാവികമാണ്. ചില അധികാര കേന്ദ്രങ്ങളാണ് സിബിഐ നടപടിക്ക് പിന്നിലെന്നും അതുകൊണ്ടാണ് കോടതിയിൽ അഡ്വക്കേറ്റ് ജനറൽ ഹാജരായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിക്കെതിരായ നടപടികൾ ഉദ്യോഗസ്‌ഥർക്കിടയിൽ കിടമത്സരത്തിന് ഇടയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. ചില ഉദ്യോഗസ്‌ഥർക്ക് മീഡിയ മാനിയ ആണെന്നും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷം പറഞ്ഞ ചില കാര്യങ്ങളിൽ വസ്തുതയുണ്ടെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചു.
അതേസമയം അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ ജഗതിയിലെ ഫ്ളാറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയും തുടർന്നുണ്ടായ വിവാദവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. ഇക്കാര്യത്തിൽ കെ.എം.ഏബ്രാഹാമിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.