ശ്രീനഗറില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

02.10 AM 29/10/2016
kashmir-curfew
ശ്രീനഗര്‍: വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം ജാമിയ പള്ളിയിലേക്ക് വിഘടനവാദികള്‍ പ്രകടനത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ സുരക്ഷാസേന കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നൗഹാട്ട, ഖന്യാര്‍, സഫകദാല്‍, റെയ്‌നവാരി, മഹാരാജ ഗുഞ്ച്, ബതമാലൂ പ്രദേശങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. അക്രമം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശങ്ങളില്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
കാഷ്മീരിന്റെ മറ്റു പ്രദേശങ്ങളില്‍ നിലവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, വിഘടനവാദികള്‍ ആഹ്വാനം ചെയ്ത സമരത്തെ തുടര്‍ന്ന് തുടര്‍ച്ചയായ 112ാം ദിവസവും താഴ്വരയിലെ സാധാരണ ജനജീവിതം പൂര്‍വസ്ഥിതിയിലേക്കെത്തിയിട്ടില്ല. ജൂലൈ എട്ടിന് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദിന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കാഷ്മീരില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 86 പേര്‍ കൊല്ലപ്പെട്ടു. പതിനായിരത്തില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.