ടെസ്റ്റ്: ഇന്ത്യയുടെ തുടക്കം കസറി; പിന്നെ തകര്‍ച്ച

09:09 am 24/9/2016
download (4)
കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സുമായി രവീന്ദ്ര ജഡേജയും എട്ടു റണ്‍സുമായി ഉമേഷ് യാദവുമാണ് ക്രീസില്‍. മികച്ച തുടക്കത്തിനുശേഷമാണ് ഇന്ത്യ തകര്‍ന്നത്.
ഓപ്പണിംഗ് വിക്കറ്റില്‍ രാഹുലും വിജയ്‌യും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്ത് നല്ല തുടക്കമിട്ടു. രാഹുല്‍(32) പുറത്തായശേഷമെത്തിയ പൂജാരയുമൊത്ത് വിജയ് 112 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. ഒരുഘട്ടത്തില്‍ 154/1 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ ലഞ്ചിനുശേഷം പൂജാരയെ(62) മടക്കി സാന്റ്‌നര്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. ക്യാപ്റ്റന്‍ കൊഹ്‌ലി(9) റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ രഹാനെ 18 റണ്‍സെടുത്ത് പുറത്തായി. ചായക്ക് മുമ്പ് വിജയ്(65) കൂടിമടങ്ങിയതോടെ ഇന്ത്യ 209/5 എന്ന നിലയിലായി.
പിന്നീട് രോഹിത് ശര്‍മയും അശ്വിനും ചേര്‍ന്ന് ഇന്ത്യയെ 250 കടത്തിയെങ്കിലും രോഹിത്തിനെ(35) മടക്കി സാന്റ്നര്‍ തന്നെ ഇന്ത്യയുടെ രണ്ടാം തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. രോഹിത് പുറത്തായശേഷമെത്തിയ സാഹയെ(0) ബൗള്‍ട്ട് നിലയുറപ്പിക്കും മുമ്പെ മടക്കി. തൊട്ടുപിന്നാലെ അശ്വിനും(40), ഷാമിയും(0) വീണു. കീവീസിനായി ബൗള്‍ട്ട്, സാന്റ്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.