ടൊറന്റോ നഗരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തിരക്കിലേയ്ക്ക്

09:40 am 21/8/2016

– സുരേഷ് നെല്ലിക്കോട്
Newsimg1_2240522
ടൊറന്റോ: നാല്പത്തൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ടൊറന്റോ നഗരം അണിഞ്ഞൊരുങ്ങുകയായി. 3 ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഗാലാ­സ്‌പെഷ്യല്‍ പ്രദര്‍ശനങ്ങള്‍ക്കായുള്ള ആദ്യത്തെ 70 ചിത്രങ്ങളുടെ പേരുകള്‍ ഇക്കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടു.

ആന്തോണ്‍ ഫുക്വയുടെ ദ മാഗ്‌­നിഫിസെന്‍റ് സെവെന്‍ (ഠവല ങമഴിശളശരലി േടല്‌ലി) ആണ്­ ഉദ്­ഘാടനചിത്രം. ചിത്രത്തിലെ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത് പ്രസിദ്ധ നടനായ ഡെന്‍സെല്‍ വാഷിംഗ്­ടന്‍ ആണ്­.

ഇന്ത്യന്‍ ചലച്ചിത്രകാരനായ വിക്രം ഗാന്ധിയുടെ, ബറാക് ഒബാമയെക്കുറിച്ചുള്ള ബയോ­പിക് ആയ ‘ബാരി’, സം­വിധാനരംഗത്ത് നവാഗതയായ കൊങ്കണാ സെന്‍ ശര്‍മ്മയുടെ ‘എ ഡെത്ത് ഇന്‍ ദ ഗുന്‍­ജ് (A Death in the Gunj), മീരാ നയ്യാറുടെ ‘ക്വീന്‍ ഒഫ് കത്‌­വെ’ (Queen of Katwe), പാവ്‌­ലോ നെരൂദയെക്കുറിച്ച് പാവ്‌­ലോ ലറെയ്­ന്‍ തയ്യാറാക്കിയ ‘നെരൂദ’, അസ്­ഗര്‍ ഫര്‍ഹദിയുടെ ‘ദ സെയ്­ല്‍­സ്മാന്‍’, ഒലിവെര്‍ സ്‌­റ്റോണിന്‍റെ ‘സ്‌നോഡെന്‍’, പീറ്റര്‍ ബെര്‍­ഗിന്‍റെ ‘ഡീപ്­ വാട്ടര്‍ ഹൊറൈസണ്‍’, നേറ്റ് പാര്‍ക്കറിന്‍റെ ‘ബെര്‍ത്ത് ഒഫ് എ നേഷന്‍’, ടോം ഫോര്‍­ഡിന്‍റെ ‘നൊക്റ്റര്‍ണല്‍ ആനിമല്‍­സ്­’, കിം ജീ വൂണി (Kim Jee-woon)ന്റെ ‘ദി ഏയ്­ജ് ഒഫ് ഷാഡോസ്’, എലിനോര്‍ കൊപ്പോളയുടെ ‘പാരിസ് കന്‍ വെയ്­റ്റ്’ (Paris Can Wait), വെര്‍­നര്‍ ഹെര്‍­സോഗിന്‍റെ ‘സോള്‍ട്ട് ആന്‍റ് ഫയര്‍’ എന്നിവയുള്‍പ്പെടുന്ന ആദ്യ പട്ടികയാണ്­ പുറത്തുവന്നിരിക്കുന്നത്.

ലോകപ്രശസ്തരായ ചലച്ചിത്രകാരന്മാരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്കുള്ള ‘മാസ്‌­റ്റേ­ഴ്‌­സ്’ വിഭാഗത്തില്‍ ആന്ദ്രേ വാജ്­ദ (പോളണ്ട്), ജിയന്‍ ഫ്രാങ്കോ റോസി (ഇറ്റലി), പെദ്രോ അല്‍­മൊദോവര്‍ (സ്‌­പെയിന്‍), കിം കി ഡൂക്ക് (തെക്കന്‍ കൊറിയ) എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍ഡ്യയ്ക്ക് അഭിമാനമായി അടൂര്‍ ഗോപാലകൃഷ്­ണന്‍റെ ‘പിന്നെയും’ ബുദ്ധദേവ് ദാസ് ഗുപ്തയുടെ ‘ദ ബെയ്­റ്റ്’ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

മുന്നൂറോളം ചിത്രങ്ങളുടെ പേരുകള്‍ അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കും. കെല്ലി ഫ്രെമോണിന്‍റെ “ദി എഡ്­ജ് ഒഫ് സെവെന്‍റീന്‍’ ആണ്­ അവസാനദിവസത്തെ പ്രധാനചിത്രങ്ങളിലൊന്ന്­.