ട്രംപിന്‍റെ വിജയത്തിന് പിന്നില്‍ ഫേസ്ബുക്: ആരോപണം സുക്കര്‍ബര്‍ഗ് നിഷേധിച്ചു

02.33 AM 12/11/2016
image_760x400
ന്യൂയോര്‍ക്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്‍റെ വിജയത്തിന് കാരണം ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജവാര്‍ത്തകളാണ് എന്ന ആരോപണത്തെ തള്ളി ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ആരോപണം വിചിത്രമാണെന്നും ജനങ്ങള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ വെച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഉപഭോക്താവിനു മുന്നില്‍ വിവിധങ്ങളായ വിവരങ്ങള്‍ പ്രത്യക്ഷപ്പെടണമെന്നാണ് ഫേസ്ബുക് ആഗ്രഹിക്കുന്നത്. ഈ വിഷയത്തില്‍ താന്‍ അതീവജാഗരൂകനാണെന്ന് പറഞ്ഞ സുക്കര്‍ബര്‍ഗ്, അതേകുറിച്ച് വളരെയധികം പരിശോധനകള്‍ നടത്തിയെന്നും വ്യക്തമാക്കി.
ഓരോരുത്തര്‍ക്കും പ്രിയപ്പെട്ട വിഷയങ്ങള്‍ മാത്രം അവരുടെ വാളില്‍ പ്രത്യക്ഷപ്പെടുന്നതിന് ഫേസ്ബുക് ഉള്ളടക്കം ഫില്‍ട്ടര്‍ ചെയ്യുന്നുവെന്ന ആരോപണവും സുക്കര്‍ബര്‍ഗ് തള്ളി. 20 വര്‍ഷം മുമ്പ് പല വിവരങ്ങളും പൂഴ്ത്തിവെക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ മാധ്യമങ്ങള്‍ മറച്ചുവെക്കുന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ടെന്നും സുക്കന്‍ ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.
വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരുമായി അടുപ്പമുണ്ടാക്കാനോ, സംവദിക്കാനോ ജനങ്ങള്‍ തയാറാവാത്തതാണ് വിവിധങ്ങളായ വിവരങ്ങള്‍ അവരിലേക്ക് എത്താത്തതിന്‍െറ കാരണമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു