ട്രംപിന് ചെയ്യുന്ന വോട്ടുകള്‍ ഹിലറിക്ക് ലഭിക്കുന്നുവെന്ന് വോട്ടര്‍മാരുടെ പരാതി

01.38 AM 29/10/2016
unnamed (4)
പി. പി. ചെറിയാന്‍

ഡാലസ് : ബാലറ്റ് പേപ്പറിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോളത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ട്രംപിന് ലഭിക്കേണ്ട വോട്ടുകള്‍ ഹിലറിക്ക് ലഭിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നു. ടെക്‌സസില്‍ ഏര്‍ലി വോട്ടിങ്ങ് ആരംഭിച്ച ഒക്ടോബര്‍ 24 നാണ് വോട്ടര്‍മാര്‍ പരാതിയുമായി ഇലക്ഷന്‍ ഓഫിസര്‍മാരെ സമീപിച്ചത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോളത്തില്‍ വോട്ട് രേഖപ്പെടുത്തയതിനുശേഷം റിവ്യു ചെയ്യുന്നതിനിടയിലാണ് വോട്ട് ഹിലറിക്ക് ലഭിച്ച വിവരം വോട്ടര്‍മാര്‍ മനസിലാക്കിയത്. ഇത് സൈന്‍ ഇന്‍ എററാണെന്ന് ( Sign in Error) അധികൃതര്‍ പറയുമ്പോള്‍ രാജ്യവ്യാപകമായി ട്രംപിനെതിരായ അട്ടിമറി ശ്രമമാണോ എന്നാണ് വോട്ടര്‍മാര്‍ ന്യായമായും സംശയിക്കുന്നത്. ഡാലസ്, സാന്‍ അന്റോണിയൊ, ഒഡിസ, ആമറില്ലൊ, ഹൂസ്റ്റണ്‍ തുടങ്ങിയ കൗണ്ടികളില്‍ നിന്നുളള നിരവധി വോട്ടര്‍മാരാണ് തെറ്റ് അധികാരികളെ ചൂണ്ടി കാണിച്ചത്.

ടെക്‌സസില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍, വോട്ട് ചെയ്തതിനുശേഷം വീണ്ടും പരിശോധന നടത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുളള മുന്‍ കരുതലുകള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.