ട്രംപ് വിജയിക്കുമെന്ന പ്രവചനവുമായി മര്‍ക്കട കുമാരന്‍

07:55 pm 5/11/2016

– പി. പി. ചെറിയാന്‍
Newsimg1_61654264
ഡാലസ് : ആവേശം വാനോളം ഉയര്‍ത്തി, പ്രവചനാതീതമായി മുന്നേറുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ അവശേഷിക്കെ, അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് വിജയിക്കുമെന്ന് ചൈനയില്‍ നിന്നുളള വിഐപി മര്‍ക്കട കുമാരന്‍ നടത്തിയിരിക്കുന്ന പ്രവചനം കൗതുകത്തോടൊപ്പം തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തുകയും ചെയ്തു.

കുരങ്ങ് എന്ന് കേള്‍ക്കുമ്പോള്‍ നിസാരാണെന്നു പരിഗണിക്കപ്പെടേണ്ടവനല്ല ഈ മര്‍ക്കട കുമാരന്‍. ചരിത്ര താളുകളില്‍ നിറവേറ്റപ്പെട്ട നിരവധി പ്രചനങ്ങളാണ് ഈ കുരങ്ങന്റെ പേരില്‍ ലിഖിതപ്പെടുത്തിയിരിക്കുന്നത്.

ഈ വര്‍ഷം സമ്മറില്‍ നടന്ന യൂറോപ്യന്‍ ഫുട്‌ബോളില്‍ ഫൈനല്‍ മത്സരത്തിനു മുമ്പ് ഫുട്‌ബോളില്‍ അതികായകരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ വിജയിക്കുമെന്ന് നടത്തിയ പ്രവചനം നിറവേറിയത് കുരങ്ങനെ വിഐപി നിരയിലേക്ക് ഉയര്‍ത്തിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ആരാകുമെന്ന് തീരുമാനിക്കുന്നതിന് ട്രംപിന്റേയും ഹിലറിയുടേയും രണ്ടു ചിത്രങ്ങളാണ് കുരങ്ങിനു മുമ്പില്‍ പ്രദര്‍ശിപ്പിച്ചത്. വിജയിയെ ചൂണ്ടിക്കാണിക്കാന്‍ നിര്‍ദ്ദേശം ലഭിച്ച കുരങ്ങു നേരെ നടന്നു നീങ്ങിയത് ട്രംപിന്റെ ചിത്രത്തിനടുത്തേയ്ക്കായിരുന്നു. മാത്രമല്ല ട്രംപിന്റെ ചിത്രത്തില്‍ മുത്തമിട്ടാണ് മടങ്ങിയത്.

ഇത് ഒറ്റപ്പെട്ട ഒരു സംഭവമായി കാണാന്‍ കഴിയുകയില്ല. കുരങ്ങനെ കൂടാതെ മറ്റു പലരുടേയും പ്രവചനങ്ങള്‍ ട്രംപിനനുകൂലമാണ്. ഈ പ്രവചനങ്ങളെല്ലാം ശരിയാണോ എന്ന് അറിയണമെങ്കില്‍ ചുരുങ്ങിയ ചില മണിക്കൂറുകള്‍ കൂടെ കാത്തിരിക്കേണ്ടി വരും.