ട്രമ്പിന് പിന്തുണ പ്രഖ്യാപിച്ച് ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് ഡിന്നര്‍

07:35am 4/6/2016
Newsimg1_72362445
വൈറ്റ് പ്ലെയിന്‍സ്, ന്യൂയോര്‍ക്ക്: പ്രമുഖ റിപ്പബ്ലിക്കന്‍ നേതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് ഡിന്നര്‍ ഡോണാള്‍ഡ് ട്രമ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

മലയാളിയായ ഡോ. പ്രിസില്ല പരമേശ്വരന്‍ 28 വര്‍ഷം മുമ്പ് രൂപംകൊടുത്ത ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി നേതൃത്വത്തില്‍ നല്ലൊരു പങ്ക് ഇപ്പോഴും മലയാളികള്‍ തന്നെ. ഹാരി സിംഗ് ചെയര്‍മാനായ ഭരണസമിതിയില്‍ വെണ്‍ പരമേശ്വരന്‍ വൈസ് ചെയറും, ജോണ്‍ ഐസക്ക് സെക്രട്ടറിയുമാണ്. തോമസ് കോശി ആയിരുന്നു ഡിന്നര്‍ കമ്മിറ്റി ചെയര്‍.

ചടങ്ങില്‍ വച്ച് മൂന്നുപേര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. യോങ്കേഴ്‌സിലെ സെന്റ് ജോണ്‍സ് റിവര്‍ഡേല്‍ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവി ഡോ. നാഗൈ രാജേന്ദ്രന് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കി. എക്കോണ്‍ വയര്‍ലെസ് കമ്പനി മാനേജിംഗ് പാര്‍ട്ട്ണര്‍ രാജ് സിംഗിന് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചു. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബാര്‍ബറാ ടുബിയോളയ്ക്ക് പ്രത്യേക പുരസ്കാരം നല്‍കി.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണറായി വീണ്ടും മത്സരിക്കുമെന്നു കരുതുന്ന വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് റോബ് അസ്റ്റോറിനോ ആല്‍ബനിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഒരേ സ്ഥാനത്ത് തന്നെ ഒരാള്‍ 30 വര്‍ഷം വരെ ഇരിക്കുന്ന സ്ഥിതി ഉണ്ടെന്നും, ഇവ അഴിമതിക്ക് കാരണമാകുന്നുവെന്നും തോമസ് കോശിയുമായി നടത്തിയ ടി.വി അഭിമുഖത്തില്‍ നേരത്തെ അദ്ദേഹം പറഞ്ഞു. അതിനാല്‍ ഓരോ സ്ഥാനത്തിനും ടേം ലിമിറ്റ് ഏര്‍പ്പെടുത്തണം.

വെസ്റ്റ് ചെസ്റ്ററില്‍ ടാക്‌സ് കൂട്ടാതെ മുന്നോട്ടുപോകാന്‍ കഴിയുന്നത് സദ്ഭരണം കൊണ്ടാണ്. ചെലവുകളും സ്റ്റാഫും കുറച്ചാണ് നികുതി വര്‍ധന ഒഴിവാക്കിയത്. ഒരു ബിസിനസ് പോലെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

പ്രസിഡന്റ് ഒബാമ സ്ഥാനമേറ്റശേഷം ഒരുപാട് ഇന്ത്യക്കാര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് മാറുന്നുണ്ടെന്ന് പ്രിസില്ല പരമേശ്വരന്‍ പറഞ്ഞു. ട്രമ്പ് വിജയിക്കും. അതിന് ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തമായ പിന്തുണയുണ്ടാകും.

ഏഷ്യന്‍ സമൂഹം അമേരിക്കയ്ക്ക് ഏറെ സംഭാവനകളര്‍പ്പിച്ചുവെന്നു റോക്ക്‌ലാന്റ് കൗണ്ടി എക്‌സിക്യൂട്ടീവ് എഡ് ഡേ ചൂണ്ടിക്കാട്ടി. ഏഷ്യക്കാര്‍ രാജ്യസ്‌നേഹികളും അമേരിക്ക ഫസ്റ്റ് എന്നു കരുതുന്നവരുമാണ്. രാഷ്ട്രീയത്തില്‍ ശക്തി ആര്‍ജ്ജിക്കുവാനും അദ്ദേഹം നിര്‍ദേശിച്ചു. നല്ല നേതാക്കളെ നമുക്ക് ആവശ്യമുണ്ട്.

ട്രമ്പിന്റെ നേതൃത്വത്തില്‍ രാജ്യം ഭിന്നിക്കപ്പെടുകയാണെന്ന ആരോപണം ശരിയല്ലെന്ന് ഈ സമ്മേളനം തെളിയിക്കുന്നുവെന്ന് പട്‌നം കൗണ്ടി എക്‌സിക്യൂട്ടീവ് പറഞ്ഞു.

മുഖ്യ പ്രഭാഷണം നടത്തിയ സ്റ്റേറ്റ് റിപ്പബ്ലിക്കന്‍ ചെയര്‍ എഡ്വേര്‍ഡ് കോക്‌സ് വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടി. ട്രമ്പ് ന്യൂയോര്‍ക്ക് പ്രൈമറിയില്‍ മത്സരിക്കുമ്പോള്‍ മൂന്നു സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. പക്ഷെ 60 ശതമാനം വോട്ട് നല്കി ട്രമ്പിനെ ന്യൂയോര്‍ക്ക് ജനത വിജയിപ്പിച്ചു. അതു പ്രൈമറിയുടെ ഗതി തിരിച്ചുവിട്ടു. തുടര്‍ന്ന് ഇന്ത്യാനയിലും ട്രമ്പ് വിജയിച്ചതോടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ഉറപ്പായി. ട്രമ്പ് പ്രസിഡന്റാകുന്നതോടെ സെനറ്റും ഹൗസും റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം നിലനിര്‍ത്തും.

റിപ്പബ്ലിക്കന്‍മാര്‍ വരുന്നു എന്ന സൂചനയാണ് രാജ്യമെങ്ങും നല്കുന്നത്. 2017-ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ മേയര്‍ ഡിബ്ലാസിയോയെ തോല്‍പിക്കും. 2018-ല്‍ ഗവര്‍ണര്‍ കുവോമോയെ തോല്‍പിക്കും.

ഏഷ്യക്കാരുടെ മൂല്യങ്ങള്‍ തന്നെയാണ് റിപ്പബ്ലിക്കന്‍ മൂല്യങ്ങളും. വിദ്യാഭ്യാസം, കഠിനാധ്വാനം എന്നിവയ്ക്ക് നല്‍കുന്ന പ്രാധാന്യവും, ചെറിയ ഗവണ്‍മെന്റ്, സാമ്പത്തിക അച്ചടക്കം എന്നിവയെല്ലാം പാര്‍ട്ടിയുടേത് തന്നെയാണ്. എല്ലാ അമേരിക്കക്കാര്‍ക്കും പുരോഗതി പ്രാപിക്കാന്‍ ഉതകുന്ന മൂല്യങ്ങളാണ് ഇരു വിഭാഗവും ഉയര്‍ത്തിപ്പിടിക്കുന്നത്- അദ്ദേഹം പറഞ്ഞു.

കുടുംബമാണ് തന്റെ വിജയങ്ങളുടെ അടിസ്ഥാനമെന്ന് ഡോ. നാഗൈ രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. അമേരിക്കക്കാരിയായ ഭാര്യയെ 41 വര്‍ഷം മുമ്പ് ചെന്നൈയില്‍ ഹൈന്ദവാചാരപ്രകാരമാണ് വിവാഹം ചെയ്തത്. ചടങ്ങിനെത്തിയ മക്കളേയും അദ്ദേഹം പരിചയപ്പെടുത്തി.

എ.എ.ആര്‍.സി ട്രഷറര്‍ സണ്ണി ചാക്കോ, ബോര്‍ഡ് അംഗങ്ങളായ തോമസ് കോശി, ജോര്‍ജ് മാടപ്പള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍­കി.