ഡല്‍ഹി മലയാളിയുടെ വിജയകുമാറിന്റെ മരണം; യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

08:57am 24/7/2016

Newsimg1_21050916
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്രക്കാരുടെ സൊസൈറ്റിയായ സമാചാറില്‍ മലയാളിയായ വിജയകുമാറിന്റെ കൊലപാതകത്തില്‍ പ്രതിയായ യുവതിയെ ഡല്‍ഹി പൊലീസ് അറസ്റ്റു െചയ്തു. ജോലി വാഗ്ദാനം ചെയ്തു വിജയകുമാര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന് ഇരുപത്താറുകാരിയായ യുവതി പൊലീസിനു മൊഴിനല്‍കി. ഇതു തുടരാന്‍ നിര്‍ബന്ധിച്ചതാണു കൊലയ്ക്കു കാരണമായത്. ഏഴുതവണ യുവതിയെ വിജയകുമാര്‍ ഫ്‌ലാറ്റിലേക്കു വിളിച്ചുവരുത്തിയെന്നും പൊലീസ് പറഞ്ഞു. ഡല്‍ഹി പാലം സ്വദേശിയായ ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ബുധനാഴ്ചയാണ് മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷന്‍ സമാചാര്‍ അപാര്‍ട്‌മെന്റ് 129ല്‍ താമസിക്കുന്ന ആലുവ ചൊവ്വര പുറവരിക്കല്‍ വീട്ടില്‍ പി.ബി.വിജയകുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീ നടന്നുനീങ്ങുന്നത് അപാര്‍ട്‌മെന്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. രാവിലെ പത്തു മണിക്ക് ഫ്‌ലാറ്റിലേക്കു യുവതി പ്രവേശിക്കുന്നതും 12 മണിയോടെ പുറത്തേക്കു പോകുന്നതുമാണ് സിസിടിവിയില്‍ പതിഞ്ഞിരുന്നത്. ദൃശ്യങ്ങള്‍ വിജയകുമാറിന്റെ കുടുംബത്തെ കാണിച്ചുവെങ്കിലും യുവതിയെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

ജോലിക്കു പോയ നികുതിവകുപ്പ് ഉദ്യോഗസ്ഥയായ ഭാര്യ വസുന്ധരാദേവി പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയില്‍ വിജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും വയറ്റത്തും കുത്തേറ്റിരുന്നു.