ഡാലസിലെ സ്വാതന്ത്ര്യദിനാഘോഷം അവിസ്മരണീയമായി

10:12 am 20/8/2016
– പി. പി. ചെറിയാന്‍
unnamed (2)

ഇര്‍വിങ്ങ്(ഡാലസ്): മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15 ന് മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഇന്ത്യയുടെ 70­ാം സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.

ഇത്രയും ജനാവലി പങ്കെടുത്ത­ സ്വാതന്ത്ര്യദിനാഘോഷം ഡാലസിന്റെ ചരിത്രത്തില്‍ ആദ്യമായാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഡാലസിലെ ചുട്ടുപൊളളുന്ന വെയിലില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനു സൂര്യതാപത്തെ മറച്ചു കൊണ്ട് കാര്‍മേഘങ്ങള്‍ അന്തരീക്ഷത്തില്‍ കറുത്ത കുട ഉയര്‍ത്തിയത് ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ നിന്നും എത്തിയവര്‍ക്ക് ആശ്വാസമേകി.

എംജിഎംഎന്‍ടി സെക്രട്ടറി ശബ്‌നം മോട്ഗില്‍ മഹാത്മാഗാന്ധിക്ക് അഭിവാദ്യം അര്‍പ്പിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. സംഘടനാ ചെയര്‍മാന്‍ ഡോ. പ്രസാദ് തോട്ടകൂറ തടിച്ചുകൂടിയ ജനകൂട്ടത്തില്‍ നിന്നും ”ഭാരത് മാതാ കീ ജയ്”, ”രാഷ്ട്രപിതാജി കീ ജയ്” എന്ന മുദ്രാവാക്യങ്ങള്‍ ഉയരുന്നതിനിടെ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി.

സ്വാതന്ത്ര്യവും ജനാധിപത്യവും കാത്തു സൂക്ഷിക്കുന്ന അമേരിക്കയില്‍ ജീവിക്കുവാന്‍ അവസരം ലഭിച്ചതില്‍ സൗഭാഗ്യവാന്മാരാണ്. അഹിംസാ മാര്‍ഗ്ഗത്തിലൂടെ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കിയ രാഷ്ട്രപിതാവ് മഹാത്മജിയുടെ സ്മരണ വരുംതലമുറകളിലേക്ക് പകര്‍ന്നു നല്‍കുവാനുളള ഉത്തരവാദിത്തം നാം ഓരോരുത്തരും ഏറ്റെടുക്കണമെന്ന് ഡോ. തോട്ടക്കൂറ ഓര്‍മ്മപ്പെടുത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ബലികഴിച്ച സ്വാതന്ത്ര്യ സമരസേനാനികള്‍ക്കും നേതൃത്വം നല്‍കിയ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ലാല ലജപത് റോയ്, ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിങ്ങ്, ജവഹര്‍ലാല്‍ നെഹ്‌റും, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവര്‍ക്ക് പ്രസാദ് തോട്ടക്കൂറ അഭിവാദ്യം അര്‍പ്പിച്ചു.

മാതൃരാജ്യമായ ഭാരതത്തില്‍ ഇന്നും നിലനില്‍ക്കുന്ന അഴിമതി, ഭീകരത, തൊട്ടുകൂടായ്മ, സ്ത്രീകളോടുളള അവഗണന എന്നിവയ്‌ക്കെതിരെ പ്രവാസികളായ നാം ശബ്ദമുയര്‍ത്തണമെന്നും ചെയര്‍മാന്‍ അഭ്യ­ര്‍ത്ഥിച്ചു.

സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ അര്‍പ്പിച്ചവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് എല്ലാവരും ഒരു നിമിഷം മൗനപ്രാര്‍ഥന നടത്തിയശേഷം മഹാത്മജിയുടെ ഇഷ്ട പ്രാര്‍ഥനയായ ‘രഘുപതി രാഘവ രാജാറാം’ എന്ന പ്രാര്‍ഥന ഉരുവിട്ടു. തയ്ബ് കുണ്ടന്‍വാല നേതൃത്വം നല്‍കി. ജാക്ക് ഗോദ് വനി, സാല്‍മന്‍ ഫര്‍ഷോറി തുടങ്ങിയവര്‍ പ്രസംഗിച്ചു.

സെക്രട്ടറി റാവു കല്‍വാല സ്വാഗതവും ജോണ്‍ ഹാമണ്ട് നന്ദിയും രേഖപ്പെടുത്തി.