ഡാലസ് മലയാളി അസോസിയേഷന്‍ സാഹിത്യസമ്മേളനം: പനച്ചി മുഖ്യാതിഥി. തമ്പി ആന്റണി, ഫാ. ജോണ്‍ പിച്ചാപ്പിള്ളി പ്രസംഗിക്കും

09:09 am 15/10/2016
Newsimg1_62108917

ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡാലസില്‍ നടക്കുന്ന ദേശീയ മലയാള സാഹിത്യ സമ്മേളനത്തില്‍ പ്രമുഖ സാഹിത്യകാരനും മലയാള മനോരമ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം മുഖ്യാതിഥിയായിരിക്കും. നടനും കഥാകൃത്തും നിനിമാ നിര്‍മ്മാതാവുമായ തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എന്നീ പ്രമൂഖര്‍ സമ്മേളനത്തില്‍ സംസാരിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റും എഴുത്തുകാരനുമായ ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു.

ഒക്‌ടോബര്‍ 22ന്, ശ­നിയാഴ്ച, കരോള്‍ട്ടന്‍ ക്രോസ്ബി ലൈബ്ര­ററി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4ന് ആരംഭിക്കുന്ന സാഹിത്യ സാംസ്ക്കാരിക സമ്മേളനത്തില്‍ അതിര്‍ത്തി കടന്ന അമ്മ മലയാളം എന്ന വിഷയത്തെ ആസ്പദമാക്കി ലോക മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയെയും വിവിധ രാജ്യങ്ങളിലെ മലയാളി എഴുത്തുകാരുടെ സംഭാവനകളെയും പരാമര്‍ശിച്ചുകൊണ്ട് ശ്രീ പനച്ചി മുഖ്യ പ്രഭാഷണം നടത്തും.

അമേരിക്കന്‍ മലയാള മണ്ണില്‍ നിന്നും കേരളീയ അക്ഷരങ്ങളുടെയും കലയുടെയും തൊടുകുറി സ്വന്തം ഹൃദയ നെറ്റിയില്‍ ഏറ്റു വാങ്ങി കേരളത്തിലെ മുഖ്യ ധാരാ എഴുത്തുകാരനും നടനുമായിത്തീര്‍ന്ന തമ്പി ആന്റണി കാലികമായ സാഹിത്യാ, സിനിമാ അനുഭവങ്ങളെക്കുറിച്ചു സംസാരിക്കും.

മുന്നു ദശാബ്ദങ്ങളായി കാനഡയിലെ ഹാലിഫാക്‌സില്‍ സംഗീതവും സാഹിത്യവും ഗ്രന്ഥരചനയുമായി വസിക്കുന്ന ഫാ. ജോണ്‍ പിച്ചാപ്പിള്ളിയും മലയാളത്തിന്റെ സംഗീത ഗന്ധര്‍വ്വന്‍ ദാസേട്ടനും ചേര്‍ന്ന് എഴു സംഗീത ആല്‍ബങ്ങള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്. ഒപ്പം ദാര്‍ശനീക തലങ്ങളില്‍ രചിക്കപ്പെട്ട നാലു ഗ്രന്ഥങ്ങളും. അക്ഷരങ്ങളിലെ ആത്മീയത എന്ന വിഷയത്തെ മുന്‍ നിര്‍ത്തി അദേഹം സംസാരിക്കും.

അക്ഷരസമുഹത്തോടും സാമാന്യജനതയോടും പ്രതിജ്ഞാബദ്ധമായ സമീപനങ്ങള്‍ കാത്തു സുക്ഷിക്കുന്നവരുടെ കൂട്ടായ്മ നോര്‍ത്ത് അമേരിക്കയില്‍ വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയെ മുന്‍ നിര്‍ത്തിയാണ് അസോസിയേഷന്‍ ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്.

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഭാഷാ സ്‌നേഹിതരുടെ സഹകരണവും പിന്തുണയും ഡാലസ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിരിക്കണമെന്ന് സെക്രട്ടി സാം മത്തായി അഭ്യര്‍ത്ഥിച്ചു. അമേരിക്കന്‍ മലയാള സാഹിത്യസമുഹത്തിലെ പ്രമൂഖര്‍ പങ്കെടുക്കും. ഒപ്പം വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കും.

സെക്രട്ടറി സാം മത്തായി, മീഡിയ കോര്‍ഡിനേറ്റര്‍ രവികുമാര്‍ എടത്വ, ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ രാജു ചാമത്തില്‍, ട്രസ്റ്റി ബോര്‍ഡ് അംഗം ബിജു തോമസ് എന്നിവര്‍ സമ്മേളന പരിപാടികള്‍ക്കു നേതൃത്വമേകും.