ഡാളസിലെ എമര്‍ജന്‍സി സൈറണ്‍ ഭീതിപരത്തി

07:48 am 11/4/2017


ഡാളസ്: ഡാളസ് സിറ്റിയിലെ 156 എമര്‍ജന്‍സി സൈറണുകള്‍ ഒരേ സമയം പ്രവര്‍ത്തിച്ചത് ഡാളസ് നഗരവാസികളെ ഭീതിയിലാഴ്ത്തി. ഏപ്രില്‍ ഏഴിന് രാത്രി 11.40 നാണ് എല്ലാ സൈറണുകളും പെട്ടന്ന് ആക്ടിവേറ്റ് ചെയ്തത്. അജ്ഞാതനായ ഏതോ ഹാക്കറാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സിറ്റി അധികൃതരുടെ അന്വേഷണത്തില്‍ കണ്ടെത്തി.

അര്‍ധരാത്രി 1.20 ഓടെയാണ് എല്ലാ സൈറണുകളും ഓഫ് ചെയ്യാന്‍ കഴിഞ്ഞതെന്ന് സിറ്റി ഇന്‍ഫര്‍മേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സന സയ്യദ്ദ് പറഞ്ഞു. 4,400 ഫോണ്‍കോളുകള്‍ രാത്രി 11.40 നും മൂന്നിനും ഇടയില്‍ ലഭിച്ചതുകൊണ്ട് എമര്‍ജന്‍സി ഓപ്പറേറ്ററുമായി സംസാരിക്കുന്നതിന് ആറ് മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നതായും സയ്യദ്ദ് പറഞ്ഞു.

സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചതായി സയ്യദ്ദ് അറിയിച്ചു.

പി.പി. ചെറിയാന്‍