വീടിനുള്ളിൽ നാലുപേർ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ മകൻ പിടിയിൽ.

08:45 pm 10/4/2017

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപത്തെ വീടിനുള്ളിൽ നാലുപേർ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ മകൻ പിടിയിൽ. ഡോക്ടറുടെ മകൻ കേഡൽ ജീൻസണ്‍ രാജ (30) ആണു പിടിയിലായത്. തിരുവനന്തപുരം തന്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ആർപിഎഫാണ് ഇയാളെ പിടികൂടിയത്.

റിട്ടയേഡ് പ്രഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആർഎംഒ ഡോ. ജീൻ പദ്മ (58), മകൾ കരോലിൻ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണു നന്തൻകോട്ടെ വീട്ടിൽ കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. ജീൻ പദ്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ മൃതദേഹം വീടിന്‍റെ മുകൾ നിലയിലെ ബാത്ത്റൂമിൽ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേതു താഴത്തെ നിലയിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു.

ഇതോടൊപ്പം പാതി കത്തിയ നിലയിലുള്ള തുണിയിൽ നിർമിച്ച മനുഷ്യരൂപത്തിന്‍റെ ഡമ്മിയും കണ്ടെത്തി. സംഭവത്തിനു ശേഷം ദന്പതികളുടെ മകൻ കേഡലിനെ കാണാതായിരുന്നു. മകൻ കൊല നടത്തിയ ശേഷം മൃതദേഹങ്ങൾ കത്തിച്ചതാകാമെന്നാണു പോലീസ് പറയുന്നത്. ലളിതയുടെ മൃതദേഹത്തിനു മൂന്നുദിവസത്തോളം പഴക്കമുളളതായി പോലീസ് പറഞ്ഞു. മൂന്നു ദിവസം മുന്പു നാലുപേരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതാകാമെന്നാണു പോലീസ് കരുതുന്നത്.

ഓസ്ട്രേലിയയിൽ പഠനം പൂർത്തിയാക്കിയ കേഡൽ ജീൻസണ്‍ 2009ൽ നാട്ടിലെത്തിയിരുന്നു. തുടർന്ന് ഓസ്ട്രേലിയയിലെ കന്പനിയിൽ ഉന്നത തലത്തിൽ ജോലി നോക്കിവരികയുമാണെന്നു പോലീസ് പറയുന്നു.