ഡി.എം.എയുടെ ഓണവില്ല് സെപ്റ്റംബര്‍ 14-ന്

07:18 am 13/9/2016
ശാലിനി ജയപ്രകാശ്
Newsimg1_37094848
ഡിട്രോയിറ്റ്: മിഷിഗണില്‍ എല്ലാവര്‍ഷവും നടത്തപ്പെടാറുള്ള ഏറ്റവും വലിയ ഓണാഘോഷ പരിപാടിയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 17-ന് ശനിയാഴ്ച മാഡിസണ്‍ ഹൈറ്റ്‌സിലുള്ള ലാംഫിയര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടും. പതിവുപോലെ ഉച്ചയ്ക്ക് 12 മണിക്ക് ഇലയില്‍ വിളമ്പുന്ന ഓണസദ്യയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. വിഭവസമൃദ്ധമായ സദ്യയില്‍ മലയാളിയുടെ തനതു രുചിയോടെയുള്ള 21-ല്‍പ്പരം കറികളാണ് ഉണ്ടായിരിക്കുക. തുടര്‍ന്ന് കൂറ്റന്‍സും കൊമ്പന്‍സും കൊമ്പുകോര്‍ക്കുന്ന അതിശക്തമായ വടംവലി മത്സരം നടക്കും. ഗണപതിപ്ലാക്കല്‍ തോമസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള മത്സരത്തില്‍ കൂറ്റന്‍സ് ടീമിനെ ചാച്ചി റാന്നിയും, കൊമ്പന്‍സ് ടീമിനെ അഭിലാഷ് പോളും നയിക്കും.

തുടര്‍ന്ന് രാജേഷ് നായരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തിന്റേയും, കേരളത്തനിമയോടെയുള്ള താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലിയെ വരവേല്‍ക്കും. വരവേല്പില്‍ പുലികളി കൂടാതെ കേരളത്തിന്റെ തനത് കലാരൂപങ്ങളും അണിനിരക്കും.

പൊതുസമ്മേളനം ഫോമ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്യും. ഡി.എം.എ പ്രസിഡന്റ് സൈജന്‍ കണിയോടിക്കല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബി.ഒ.ടി ചെയര്‍മാന്‍ മാത്യു ചെരുവില്‍, ഡി.എം.എ സെക്രട്ടറി നോബിള്‍ തോമസ്, വൈസ് പ്രസിഡന്റ് ജിജി പോള്‍, ട്രഷറര്‍ പ്രിന്‍സ് അബ്രഹാം, ജോയിന്റ് സെക്രട്ടറി ശാലിനി ജയപ്രകാശ്, ജോയിന്റ് ട്രഷറര്‍ സൂര്യ ഗിരീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. പ്രോഗ്രാം കമ്മിറ്റി ചെയര്‍ സുനില്‍ പൈങ്ങോള്‍ സ്വാഗതം ആശംസിക്കും.

തുടര്‍ന്ന് അമേരിക്കന്‍ മലയാളിയുടെ കലാതലസ്ഥാനമെന്നറിയപ്പെടുന്ന ഡിട്രോയിറ്റിലെ നാല്‍പ്പതില്‍പ്പരം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന “നിഷിഗന്ധ’ എന്ന തീയേറ്ററിക്കല്‍ ഷോ അരങ്ങേറും. എല്ലാവര്‍ഷവും ഡിട്രോയിറ്റിലെ മലയാളികള്‍ക്ക് പുതുമകള്‍ സമ്മാനിക്കുന്ന ഡി.എം.എ ഈവര്‍ഷം Rare Projection Technology on the stage -മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയാണ്. ഏതു ദുരന്തത്തില്‍ നിന്നുമുള്ള സ്ത്രീയുടെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ കഥപറയുന്ന ‘നിഷിഗന്ധ’യുടെ തിരക്കഥയും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സൈജന്‍ കണിയോടിക്കലാണ്.
Newsimg2_65401390
പൂക്കളമത്സരമാണ് പ്രധാനപ്പെട്ട മറ്റൊരിനം. നിങ്ങളുടെ വീടുകളില്‍ ഇടുന്ന പൂക്കളത്തോടൊപ്പം നിങ്ങളുടെ ചിത്രങ്ങള്‍ ഈ മത്സരത്തിലേക്ക് അയയ്ക്കാവുന്നതാണ്. 150 ഡോളര്‍ ആയിരിക്കും ഒന്നാം സമ്മാനം. കൂടാതെ തിരുവാതിര, നൃത്തനൃത്യങ്ങള്‍, ഗാനങ്ങള്‍ തുടങ്ങിയ കലാപരിപാടികളും ഓണവില്ലിന് മാറ്റുകൂട്ടുന്നതാണ്. എല്ലാ വര്‍ഷത്തേക്കാളും തികച്ചും വ്യത്യസ്തമായ ഒരു ഓണാഘോഷമായിരിക്കും ഇത്തവണത്തേതെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍ സുനില്‍ പൈങ്ങോള്‍ അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി വിമന്‍സ് ഫോറം പ്രസിഡന്റ് ഷാലു ഡേവിഡ്, സെക്രട്ടറി ബോണി കോയിത്തറ, ബി.ഒ.ടി സെക്രട്ടറി മോഹന്‍ പനങ്കാവില്‍, സാം മാത്യു, സുദര്‍ശനക്കുറുപ്പ്, സാജന്‍ ജോര്‍ജ്, ഷാജി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി “ഓണവില്ലിന്റെ’ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.