ഡോ:വിനോദ് ദാമോദരന്റെ കുടുംബത്തിനൊപ്പം ചേര്‍ന്ന ന്യൂജേഴ്‌സി മലയാളികള്‍ക്കും, മാധ്യമങ്ങള്‍ക്കും ആശംസകള്‍:

മാധവന്‍ നായര്‍
Newsimg1_86128497
ന്യൂജേഴ്‌സി: റട്ട്‌ഗേഴ്‌സ് ശാസ്ത്രഞ്ജനായിരുന്ന വിനോദ് ബാബു ദാമോദരന്‍ (41), ഭാര്യ ശ്രീജ, 14 വയസുള്ള മകള്‍ ആര്‍ദ്ര എന്നിവരുടെ മരണം നമ്മെ ന്യൂജേഴ്‌സി മലയാളികളെ ആകമാനം ദുഖത്തിലാഴ്ത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങുകള്‍ക്കു താങ്ങായും തണലായും കരുതയും ഒപ്പം നിന്ന ന്യൂജേഴ്‌സിയിലെ എല്ലാ മലയാളികള്‍ക്കും ,മാധ്യമങ്ങള്‍ക്കും എത്രത്തോളം നന്ദി പറഞ്ഞാലും മതിയാകില്ല എന്ന് ന്യൂജേഴ്‌സിയിലെ സാംസ്കാരികപ്രവര്‍ത്തകനും ,ഫൊക്കാനാ നേതാവുമായ മാധവന്‍ ബി നായര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഒരു കുടുംബം ഒന്നാകെ കത്തി ചാമ്പലായത് മലയാളി സമൂഹത്തിനെന്നല്ല ഒരു സമൂഹത്തിനും അത്രപെട്ടെന്ന് മറക്കാന്‍ സാധിക്കാത്ത കാര്യമാണ് .ഈ സമയത്തു ന്യൂജേഴ്‌സിയിലെ മലയാളികള്‍ ഒരു അമ്മപെറ്റ മക്കളെപ്പോലെ ഒന്നായി നിന്നു മലയാളി എന്ന പൊതു വികാരം ഉയര്‍ത്തിപ്പിടിക്കുകയും ഡോ:വിനോദിന്റെയും കുടുംബത്തിന്റെയും ശവസംസ്കാരച്ചടങ്ങുകള്‍ എല്ലാ അര്‍ത്ഥത്തിലും ഭംഗിയായി നടത്തുവാന്‍ പ്രവര്‍ത്തിച്ചത് മലയാളി സമൂഹത്തിനു വലിയ അഭിമാനവും,മറ്റു സമൂഹങ്ങള്‍ക്ക് മാതൃകയുമാണ് .ഫൊക്കാന ,ഫോമാ,നേതാക്കള്‍,ന്യൂജേഴ്‌സിയിലെ എല്ലാ മലയാളി സംഘടനകളും ,സാംസ്കാരിക നേതാക്കള്‍,ചില വ്യക്തിത്വങ്ങള്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു ആശംസയില്‍ ഒതുങ്ങുന്നതിനപ്പുറത്തു നന്ദി അറിയിക്കേണ്ടതാണ് .അതുപോലെ അമേരിക്കയിലെ മലയാളി മാധ്യമങ്ങള്‍, മറ്റു ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്തയോടൊപ്പം സഞ്ചരിക്കുകയും സഹായ സഹകരണങ്ങള്‍ക്കായി ,അക്ഷരങ്ങള്‍ കൊണ്ട് സഹായിച്ചത് നന്ദിയോടെ സ്മരിക്കുകയാണ് .

ചേര്‍ത്തല സ്വദേശിയായ വിനോദ് ബാബു ദാമോദരന്‍. കൊളറാഡോയില്‍ നിന്നു രണ്ടു വര്‍ഷം മുന്‍പാണ് ന്യുജെഴ്‌സിയിലെത്തിയതെങ്കിലും മലയാളി സമൂഹവുമായി അടുത്ത ബന്ധമൊന്നും പുലര്‍ത്തിയിരുന്നില്ലങ്കിലും അദ്ദേഹത്തിന് ഇത്തരത്തില്‍ ഒരു ദാരുണമായ ഒരു അവസ്ഥ ഉണ്ടായപ്പോള്‍ മലയാളികളുടെ ഉണര്‍ന്നുള്ള പ്രവര്‍ത്തനം എല്ലാവര്‍ക്കും ഒരു മാതൃക ആയിരുന്നു.
വിനോദ് ദാമോദരന്‍ ബയോമെഡിക്കല്‍സ്, ബയോമെഡിക്കല്‍ പോളിമേഴ്‌സ്, മെഡിക്കല്‍ ഡിവൈസ് രംഗത്ത് ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ്. ഇനിയും അദ്ദേഹത്തിന്റെ ഗവേഷങ്ങള്‍ ലോകം അറിയാനിരിക്കെയാണ് അദ്ദേഹത്തിനും കുടുംബത്തിനുംഇത്തരത്തിലൊരു മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ നമ്മുടെ പുതിയ തലമുറയ്ക്ക് വെളിച്ചമാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

അമേരിക്കന്‍ മലയാളി സമൂഹം സംഘടനാപരമായും,സാംസ്കാരികമായും ഇനിയും ഒന്നായി നില്‍ക്കുകയും ,മലയാളികളുടെ എല്ലാ സംഘടനകളുമായും നിരന്തരം ബന്ധങ്ങള്‍ വച്ചുപുലര്‍ത്തണമെന്നും ഈ സംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതിനുള്ള വേദിയായി എല്ലാ മലയാളി സംഘടനകളും മാറട്ടെ എന്നും ആഗ്രഹിക്കുന്നു.ഒരിക്കല്‍ കൂടി എല്ലാ മലയാളികള്‍ക്കും, മാധ്യമങ്ങള്‍ക്കും ,ന്യൂജേഴ്‌സിയിലെ എല്ലാ വ്യക്തിത്വങ്ങള്‍ക്കും ,ഫൊക്കാന,ഫോമാ, ന്യൂജേഴ്‌സിയിലെ എല്ലാ സംഘടനകള്‍ക്കും ,ഓണ്‍ലൈന്‍ അച്ചടി മാധ്യമങ്ങള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നതായും മാധവന്‍ നായര്‍ അറിയിച്ചു.