തനിക്ക് ബി.ജെ.പി നീക്കങ്ങളില്‍ ഭയമില്ലെന്ന് രാഹുല്‍ ഗാന്ധി

04:22pm 3/5/2016
download

ന്യുഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ്, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികളില്‍ തന്നെയും സഹായിയേയും കുടുക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തില്‍ ഭയക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. തന്നെ ലക്ഷ്യമിടുന്നതില്‍ സന്തോഷമേയുള്ളൂവെന്നും രാഹുല്‍ ശാന്തമായി പ്രതികരിച്ചു.
അഗസ്ത വെസ്റ്റ്ലാന്റ് ഇടനിലക്കാരന്‍ ഗൈഡോ ഹാസ്ചകെയുമായി രാഹുല്‍ ഗാന്ധിക്കും സഹായി കനിഷ്‌ക സിംഗിനും ബന്ധമുണ്ടെന്ന ബിജെ.പി നേതാവ് കീര്‍ത്തി സോമയ്യയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആരോപണ വിധേയരായ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി രാഹുലിന് ബന്ധമുണ്ടെന്നും കീര്‍ത്തി സോമയ്യ പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധിക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഴിമതി ഇടപാടുകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിടുമെന്നും കീര്‍ത്തി സോമയ്യ അറിയിച്ചു. എമ്മാര്‍ എം.ജി.എഫ് കമ്പനിയുടെ ഡയറക്ടറാണ് ഹാസ്ചകെ. എമ്മാര്‍ എം.ജി.എഫ് ഒരു സംയുക്ത സംരംഭമാണ്. എം.ജി.എഫ് രാഹുലിന്റെ അടുത്ത സുഹൃത്ത് കനിഷ്‌കയുടെ കുടുംബത്തിന്റേതാണ്. ഈ കമ്പനി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേട്ടം കൊയ്തിരുന്നുവെന്നും കീര്‍ത്തി സോമയ്യ വ്യക്തമാക്കി.
കോമണ്‍വെല്‍ത്ത് അഴിമതിയിലൂടെ ഹാസ്ചകെ 763 കോടി നേടിയെന്ന് 2010ല്‍ താന്‍ ആരോപിച്ചിരുന്നു. ഹെലികോപ്ടര്‍ ഇടപാടിലും ഇവര്‍ കോടികള്‍ നേടി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും സോമയ്യ പറഞ്ഞു.