തമിഴ്നാടിന് കൂടുതല്‍ വെള്ളം വിട്ടു നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വെള്ളിയാഴ്ച ഉണ്ടാകും.

08:26 am 22/9/2016
images (3)
ബംഗളൂരു: സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം തമിഴ്നാടിന് കൂടുതല്‍ വെള്ളം വിട്ടു നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വെള്ളിയാഴ്ച ചേരുന്ന നിയമസഭയുടെയും നിയമ നിര്‍മാണ കൗണ്‍സിലിന്‍െറയും സംയുക്ത സമ്മേളനത്തില്‍ ഉണ്ടാകും. അതുവരെ സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ഇരു സഭകളുടെയും സംയുക്ത സമ്മേളനം അടിയന്തരമായി വിളിച്ചു കൂട്ടാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്‍ണര്‍ വാജുഭായ് വാലയോട് ശിപാര്‍ശ ചെയ്തു. ബുധനാഴ്ച രാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ചൊവ്വാഴ്ചത്തെ സുപ്രീം കോടതി ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബുധനാഴ്ച വൈകീട്ട് ആറിന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലും രണ്ടു തവണ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കേണ്ടെന്നായിരുന്നു പൊതു അഭിപ്രായം. സര്‍വകക്ഷി യോഗം ബി.ജെ.പി ബഹിഷ്കരിച്ചപ്പോള്‍ ജനതാദള്‍-എസിനെ പ്രതിനിധീകരിച്ച് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും മകനും മുന്‍ മുഖ്യന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും അടക്കമുള്ളവര്‍ പങ്കെടുത്തു.

തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള കോടതി നിര്‍ദേശത്തിനെതിരെ പ്രമുഖ പാര്‍ട്ടികളും നേതാക്കളുമെല്ലാം രംഗത്തത്തെിയിരുന്നു. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വെള്ളം വിട്ടുകൊടുക്കരുതെന്ന് അഭിപ്രായപ്പെട്ട മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ, സുപ്രീം കോടതി ഉത്തരവിന്‍െറ യുക്തി മനസ്സിലാവുന്നില്ളെന്നും പ്രതികരിച്ചു. കേന്ദ്രമന്ത്രിയും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ഡി.വി. സദാനന്ദ ഗൗഡയും നിയമസഭയിലെ പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാറും ഡല്‍ഹിയില്‍ കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതിയെ സന്ദര്‍ശിച്ച് വെള്ളം വിട്ടുകൊടുക്കാനാവില്ളെന്ന് അറിയിച്ചു. മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടകയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിയുമായ വീരപ്പ മൊയ്ലിയും സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ ശക്തമായി രംഗത്തത്തെിയിരുന്നു. വെള്ളം വിട്ടുകൊടുക്കരുതെന്ന് അഭ്യര്‍ഥിച്ച അദ്ദേഹം സുപ്രീം കോടതി വിധി പക്ഷപാതപരമാണെന്നും കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നത് സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

സുപ്രീം കോടതി ഉത്തരവിനെതിരെ ബുധനാഴ്ചയും സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. നിരോധനാജ്ഞ വകവെക്കാതെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. കനത്ത സുരക്ഷയാണ് സംഘര്‍ഷ സാധ്യതാ മേഖലകളിലെല്ലാം ഒരുക്കിയിരുന്നത്. ബംഗളൂരു ഗാന്ധിനഗറില്‍ പ്രതിഷേധപ്രകടനം നടത്തിയ നൂറിലധികം കന്നഡ രക്ഷാ വേദികെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്ന് മൈസൂരു-ബംഗളൂരു പാതയില്‍ നിരവധി സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും വാഹനങ്ങള്‍ പൊലീസ് വഴിതിരിച്ചുവിടുകയായിരുന്നു. മാണ്ഡ്യയിലെ സഞ്ജയ് സര്‍ക്കിളിലും എം. വിശ്വേശരയ്യ പ്രതിമ പരിസരത്തുമെല്ലാം ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. പ്രതിഷേധ വാഹന റാലികളും അരങ്ങേറി. ശ്രീരംഗപട്ടണത്തെ ബൃന്ദാവന്‍ ഗാര്‍ഡനില്‍ 28 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശം നിഷേധിച്ചിരിക്കുകയാണ്.

മൈസൂരുവില്‍ ഹസിരു സേന, കര്‍ണാടക രാജ്യറെയ്ത്ത സംഘം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ മൈസൂരു-കുടക് എം.പി പ്രതാപ് സിംഹയുടെ ഓഫിസ് ഉപരോധിച്ച കര്‍ഷകര്‍ അദ്ദേഹത്തിന്‍െറ രാജി ആവശ്യപ്പെടുകയും ചെയ്തു. ചാമരാജ നഗര്‍ എം.പി ധ്രുവനാരായണന്‍െറ വീടിന് മുമ്പിലും കര്‍ഷകരുടെ ധര്‍ണ നടന്നു. കോലാറില്‍ പശുക്കളുമായി പ്രതിഷേധത്തിനത്തെിയ കര്‍ഷകര്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോലം കത്തിച്ചു. തുമകൂരുവിലും ഹുബ്ബള്ളിയിലുമെല്ലാം റോഡ് ഉപരോധം ഉണ്ടായി.