താന്‍ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് ചെന്നിത്തല

01.01 AM 27-07-2016
Ramesh-Chennithala
സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായരുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സോളാര്‍ കമ്മിഷനില്‍ മൊഴിനല്‍കി. സരിത 11 തവണ ചെന്നിത്തലയെ വിളിച്ചിരുന്നതായി രേഖകളുണ്ടെന്ന് ചോദ്യത്തിന് മറുപടിയായാണ് ചെന്നിത്തല മൊഴി നല്‍കിയത്. താന്‍ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും സാധാരണഗതിയില്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫുകളാണ് ഫോണെടുക്കാറുള്ളതെന്നും രമേശ് പറഞ്ഞു. ചന്നിത്തലയുടെ ഡല്‍ഹിയിലെ സഹായി പ്രദോഷ് സരിതയുമായി 127 തവണ ഫോണില്‍ സംസാരിച്ചിരുന്നതായുള്ള രേഖകള്‍ അഡ്വ. സി ഹരികുമാര്‍ ചെന്നിത്തലയെ കാണിച്ചു. എന്നാല്‍ ഇക്കാര്യം പ്രദോഷ് തന്നോട് ഒന്നും പറഞ്ഞിരുന്നില്ലെന്നും പ്രദോഷ് കൂടുതല്‍ സമയവും ഡല്‍ഹിയില്‍ ആയിരുന്നുവെന്നും ചെന്നിത്തല ചോദ്യത്തിന് മറുപടി നല്‍കി.
മുഖ്യമന്ത്രിയ്‌ക്കെതിരായ സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണത്തെ തുടര്‍ന്ന് സി.ഡി കണ്ടെടുക്കുന്നതിന് കോയമ്പത്തൂരിലേക്ക് പോവുന്നതിനെ അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന ചെന്നിത്തല വിമര്‍ശിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് കമ്മിഷന്‍ ആരാഞ്ഞു. കമ്മിഷന്റെ ഉദ്ദേശശുദ്ധിയില്‍ തനിക്ക് യാതൊരു സംശയവുമില്ല. സത്യം തെളിയിക്കുകയെന്ന ഉദ്ദേശത്തോടെയാണ് സി.ഡി പിടിച്ചെടുക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്. എന്നാല്‍ ബിജു രാധാകൃഷ്ണനെ സംബന്ധിച്ച് ധാരാളം സ്‌പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിജു ജയില്‍ ചാടാനുള്ള നിരവധി സാഹചര്യങ്ങല്‍ ഉണ്ടായിരുന്നു. അന്യസംസ്ഥാനത്തേക്ക് ബിജു രാധാകൃഷ്ണനെ കൊണ്ടുപോവുമ്പോള്‍ മതിയായ സുരക്ഷ ഒരുക്കേണ്ടതുണ്ടെന്നാണ് അന്ന് കരുതിയത്. പ്രതിയെ അന്യസംസ്ഥാനത്തേക്ക് കൊണ്ടുപോവുന്ന ബുദ്ധിമുട്ടിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആശങ്കപ്പെട്ടത്. സി.ഡി ഉണ്ടെന്ന് പറയുകയും അത് വിവാദമാവുകയും ചെയ്ത സാഹചര്യത്തില്‍ സി.ഡി കണ്ടെത്തണമെന്ന് പറഞ്ഞത് സര്‍ക്കാരിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഏതുമാര്‍ഗത്തിലൂടെയാണ് പിടിച്ചെടുക്കേണ്ടതെന്ന് അന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ചെന്നിത്തല മൊഴിനല്‍കി.