തായ്​ലന്‍ഡ് രാജാവ് ഭൂമിബോല്‍ അദുല്യദജ് അന്തരിച്ചു

09;55 pm 13/10/2016

download (3)

ബാങ്കോക്: തായ്​ലന്‍ഡ് രാജാവ് ഭൂമിബോല്‍ അദുല്യദജ് അന്തരിച്ചു. 88 വയസ്സായിരുന്നു. ഏഴു പതിറ്റാണ്ടുകാലമാണ് ഇദ്ദേഹം തായ്​ലൻഡി​െൻറ സിംഹാസനത്തിലിരുന്നത്. രാഷ്ട്രീയമായി ചിതറിക്കിടന്ന രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഭരണാധികാരിയായാണ് അദുല്യദജ് വിലയിരുത്തപ്പെടുന്നത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന ഇദ്ദേഹം ആശുപത്രിയിലാണ് മരിച്ചതെന്ന് കൊട്ടാരവൃത്തങ്ങള്‍ പറഞ്ഞു. മക്കളടക്കമുള്ള കുടുംബാംഗങ്ങളെല്ലാം അന്ത്യസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. 64കാരനായ രാജകുമാരന്‍ മഹാ വജ്രലോംഗോണ്‍ അടുത്ത രാജാവാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ചതന്നെ രാജാവിന്‍െറ നില ഗുരുതരമാണെന്ന് കൊട്ടാരവൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് രാജാവിനെ പ്രവേശിപ്പിച്ച ആശുപത്രിക്കു മുന്നില്‍ ജനങ്ങള്‍ ഒരുമിച്ചുകൂടുകയും പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തിരുന്നു. തായ്ലന്‍ഡില്‍ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു അദുല്യദജ്. ചക്രി രാജവംശത്തിലെ ഒമ്പതാമത്തെ രാജാവായ ഇദ്ദേഹം രാമ ഒമ്പതാമന്‍ എന്നാണ് അറിയപ്പെട്ടത്. 1946ല്‍ രാജാവായിരുന്ന സഹോദരന്‍െറ മരണത്തെ തുടര്‍ന്നാണ് അദുല്യദജ് അധികാരത്തിലേറിയത്. മരണവിവരമറിഞ്ഞ് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഗോവയിലേക്കുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ അടുത്ത ദിവസങ്ങളിലായി നടക്കുമെന്നാണ് റിപ്പോര്‍ട്ട്.