തായ്‌ലന്റ് ബുദ്ധക്ഷേത്രത്തില്‍ 40 ഓളം കടുവാ കുഞ്ഞുങ്ങളുടെ ജഡം

07:13pm 01/6/2016

ബാങ്കോക്ക്: കടുവാ വളര്‍ത്തലില്‍ പ്രശസ്തമായ തായ്‌ലന്റിലെ കാഞ്ചാന്‍ബുരി പ്രവിശ്യയിലെ ബുദ്ധക്ഷേത്രത്തില്‍ വനം വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ ഫ്രീസറില്‍ സുക്ഷിച്ച നിലയില്‍ 40 ഓളം കടുവാ കുഞ്ഞുങ്ങളുടെ ജഡം കണ്ടെത്തി.
ഇവിടെ നിന്നും അനധികൃതമായി മൃഗങ്ങളെ കടത്തുന്നതിനെയും സുക്ഷിക്കുന്നതിനും എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ക്ഷേത്രത്തില്‍ റെയ്ഡ് നടത്തി വരുകയാണ്. 2001 മുതല്‍ ക്ഷേത്രത്തില്‍ നിന്നും കടുവകളെ മോചിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു.
എന്നാല്‍ ഈ ക്ഷേത്രം തായ്‌ലന്റിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ ഇവിടെ നിന്നും ലഭിക്കുന്ന ഇവിടെ നിന്നും ലഭിക്കുന്ന വരുമാനം കണക്കിലെടുത്ത് അധികൃതര്‍ ഇതില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇവിടെ എത്തുന്ന സഞ്ചാരികളില്‍ പലരും കടുവാ കുഞ്ഞുങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നത് പതിവായിരുന്നു.
52 കടുവകളെ ജീവനോടെ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ക്ഷേത്രത്തിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ഭാഗത്താണ് ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കടുവാ കുഞ്ഞുങ്ങളുടെ ജഡം കണ്ടെത്തിയത്.