തിക്കുറിശ്ശി സുകുമാരന്‍ നായരുടെ നൂറാം ജന്മദിനമാണിന്ന്.

09:17 am 16/10/2016
download (4)
മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം വളര്‍ന്ന തിക്കുറിശ്ശി സുകുമാരന്‍ നായരുടെ നൂറാം ജന്മദിനമാണിന്ന്. പല പ്രമുഖ നടീനടന്മാരുടേയും സിനിമാ ജാതകം തിരുത്തിക്കുറിച്ച മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാറുമായിരുന്നു തിക്കുറിശ്ശി.
മലയാള സിനിമ കണ്ട ബഹുമുഖ പ്രതിഭ. നാല്‍പ്പത്തി ഏഴു വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ 700 ഓളം ചിത്രങ്ങളിലെ വേഷപ്പകർച്ച. നടൻ, നാടകകൃത്ത്, നിര്‍മ്മാതാവ്, സംവിധായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ സാന്നിദ്ധ്യം. മലയാള സിനിമയുടെ തുടക്കം മുതൽവളര്‍ന്ന പ്രതിഭയായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ.
കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശിയില്‍ ഗോവിന്ദപ്പിള്ളയുടെയും ലക്ഷ്മിപ്പിള്ളയുടെയും ആറാമത്തെ മകനായി 1916 ലായിരുന്നു ജനനം. ഇരുപതാം വയസ്സില്‍ ആദ്യ കവിതാസമാഹാരമായ കെടാവിളക്ക് പ്രസിദ്ധീകരിച്ചു. തിക്കുറിശ്ശിയുടെ മരീചിക, കലാകരന്‍, സ്ത്രീ, ശരിയോ തെറ്റോ എന്നീ നാടകങ്ങള്‍ നാടകരംഗത്ത് വലിയ മാറ്റത്തിനിടയാക്കി.
സിനിമയില്‍ തിക്കുറിശ്ശി സ്പർശം ഏൽക്കാത്ത മേഖലകളുണ്ടായിരുന്നില്ല. തൊട്ടതെല്ലാം പൊന്നാക്കുക എന്ന പഴഞ്ചൊല്ല് തിക്കുറിശ്ശിയുടെ കാര്യത്തില്‍ അന്വര്‍ത്ഥമായിരുന്നു. ഹരിശ്ചന്ദ്രയിലെ ആത്മവിദ്യാലയമേ എന്ന പാട്ട് കേള്‍ക്കുമ്പോൾ കമുകറ പുരുഷോത്തമൻ മാത്രമല്ല തോല്‍വസ്ത്രങ്ങളുമണിഞ്ഞ് ചുടലക്ക് തീ കൂട്ടുന്ന തിക്കുറിശ്ശിയും മലയാളികളുടെ മനസ്സിൽ തെളിയും. ജീവിത നൗകയിലെ സോമൻ, മിഥുനത്തിലെ കുറുപ്പ് മാസ്റ്റർ, കാഴ്ചക്കപ്പുറത്തെ പരമു പിള്ള, വരവേല്പിലെ ആപല്‍ബാന്ധവൻ ഗോവിന്ദനൻ നായർ, തിക്കുറിശ്ശി അനശ്വരമാക്കിയ നിരവധി കഥാപാത്രങൾ.
1953ല്‍ പുറത്തിറങ്ങിയ ശരിയോ തെറ്റോ എന്ന ചിത്രമാണ് തിക്കുറിശ്ശി ആദ്യമായി സംവിധാനം ചെയ്തത്. കാര്‍ക്കൂന്തല്‍ കെട്ടിലെന്തിന് വാസനത്തൈലം ഉള്‍പ്പെടെ ഓര്‍മ്മകളിലേക്കു വഴിനടത്തുന്ന നിരവധി ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചു. പത്മശ്രീ അടക്കം 250 ഓളം പുരസ്‌കാരങ്ങൾ ലഭിച്ചു.
1997 മാര്‍ച്ച് 11ന് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ഈ ലോകത്ത് നിന്നും വിട പറയുമ്പോള്‍ മലയാളത്തിന് നഷ്ടപ്പെട്ടത് മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറിനെയായിരുന്നു.