തിങ്കളാഴ്ച കൂടിക്കാഴ്ച

08:03 am 26/6/2017

വാഷിങ്ടന്‍ ഡിസി : ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് വാഷിംഗ്ടണില്‍ ഉജ്വല സ്വീകരണം. പോര്‍ച്ചുഗലില്‍ നിന്നാണ് മോദി യുഎസില്‍ എത്തിയത്. വാഷിങ്ടന്‍ ഡിസിയിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാന്‍ വിവിധ ഉദ്യോഗസ്ഥരും മേഖലയിലെ ഇന്ത്യന്‍ സമൂഹവുമെത്തി.

ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. നിര്‍ണായകമായ വിഷയങ്ങള്‍ യഥാര്‍ഥ സുഹൃത്തുമായി ചര്‍ച്ച ചെയ്യുമെന്നും ട്രംപ് ഭരണകൂടം മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. 26ന് ആണ് ട്രംപ്–മോദി കൂടിക്കാഴ്ച. ട്രംപ് യുഎസ് പ്രസിഡന്റ് ആയ ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ചില പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ സിഇഒമാരെയും മോദി കാണുന്നുണ്ട്. കൂടിക്കാഴ്ചയില്‍ യുഎസില്‍ ഇന്ത്യക്കാര്‍ക്കെതിരായ വംശീയ അതിക്രമവും എച്ച് വണ്‍–ബി വീസ നിയന്ത്രണവും ഭീകരവാദത്തിനെതിരായ പോരാട്ടവുമെല്ലാം ചര്‍ച്ച യാകുമെന്നാണ് കരുതുന്നത്.

പിന്നീട് 27ന് അദ്ദേഹം നെതര്‍ലന്‍ഡ്‌സിലേക്കു പോകും. ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ, രാജാവ് വില്യം അലക്‌സാണ്ടര്‍, രാജ്ഞി മാക്‌സിമ എന്നിവരെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തും. ഇന്ത്യ, പോര്‍ച്ചുഗല്‍ ബന്ധം ദൃഢമാക്കി 11 കരാറുകളില്‍ ഒപ്പുവച്ചതിനുശേഷമാണ് മോദി യുഎസില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.