ശബരിമലയിലെ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തി.

06:55 pm 25/6/2017

ശബരിമല: ഇന്ന് പുനപ്രതിഷ്ഠ നടത്തിയ ശബരിമലയിലെ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ മൂന്നംഗ സംഘമാണെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ബോധ്യമായി. തുണിയിൽ മെർക്കുറി എന്ന ദ്രവം പുരട്ടിയ ശേഷം കൊടിമരത്തിലേക്ക് എറിഞ്ഞാണ് കേടുവരുത്തിയത്. കൊടിമരത്തിന്‍റെ തറയിൽ പൂശിയിരുന്ന സ്വർണം ഉരുകിയൊലിച്ച നിലയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്നുച്ചയ്ക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂർത്തത്തിലാണ് സ്വർണ കൊടിമര പ്രതിഷ്ഠ നടന്നത്. വലിയ ഭക്തജനത്തിരക്കും സന്നിധാനത്തുണ്ടായിരുന്നു. ഉച്ചപൂജയ്ക്ക് ശേഷം ഭക്തർ മലയിറങ്ങിയ ശേഷമാണ് കൊടിമരത്തിന് കേടുവരുത്തിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ദേവസ്വം അധികൃതർ വിവരം സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

ഫോറൻസിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തും. കൊടിമരത്തിന് സമീപമുള്ള സിസിടിവി പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർ എന്തോ ദ്രാവകം കൊടിമരത്തിൽ ഒഴിച്ചതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചത്. ഇവർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

3.20 കോടി രൂപ മുടക്കിയാണ് പുതിയ കൊടിമരം സന്നിധാനത്ത് പ്രതിഷ്ഠിച്ചത്. 9,161 കിലോ ഗ്രാം സ്വർണമാണ് ഇതിനായി ഉപയോഗിച്ചത്.