തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ്- സെമിനാര്‍ ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സന്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ദേവാലയത്തില്‍

12:44 PM 15/11/2016

– സെബാസ്റ്റ്യന്‍ ആന്റണി
Newsimg1_32870388 (1)
ന്യൂജേഴ്‌സി: മനുഷ്യശരീരത്തെയും ലൈംഗികതയെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തീര്‍ത്തും വികലമാക്കപ്പെട്ട, വളച്ചൊടിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സെക്കുലര്‍ മാധ്യമങ്ങളില്‍നിന്നും സ്കൂളുകളില്‍നിന്നും സമപ്രായക്കാരുടെ ഇടയില്‍നിന്നും ഗവണ്‍മെന്റ് അധികാരികളില്‍നിന്നും വരുന്ന അബദ്ധജഡിലമായ ആശയങ്ങളും സമ്മര്‍ദ്ദവും മൂലം നമ്മുടെ കുട്ടികള്‍ ആശയക്കുഴപ്പത്തിലായിരിക്കുന്നു. മതനിഷേധ സംസ്കാരം മുന്നോട്ടുവയ്ക്കുന്ന ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും മനുഷ്യജീവിതത്തെക്കുറിച്ചുമുള്ള തെറ്റായ കാഴ്ചപ്പാടുകള്‍ സ്വാംശീകരിച്ചാണ് കുട്ടികള്‍ വളരുന്നത്.

ഈ സാഹചര്യത്തില്‍ ശരീരത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും കറതീര്‍ന്ന ഒരു ബോധ്യം കുട്ടികള്‍ക്ക് എങ്ങനെ കൊടുക്കുവാന്‍ സാധിക്കുമെന്നും, ധാര്‍മികമായ വെല്ലുവിളികള്‍ ഉയരുമ്പോള്‍ വളര്‍ന്നുവരുന്ന തലമുറയെ എങ്ങനെ സഹായിക്കാന്‍ സാധിക്കുമെന്നും, പ്രതികൂലമായ സാമൂഹ്യാവസ്ഥകളില്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ ആഴമായ ക്രൈസ്തവബോധ്യം വളര്‍ത്തിയെടുക്കാനും ധാര്‍മികജീവിതത്തില്‍ അഭിവൃദ്ധിപ്രാപിക്കാനും എന്തു ചെയ്യണം എന്നുള്ള ചര്‍ച്ചകളും പഠനങ്ങളും, പ്രയോഗിക നിര്‍ദ്ദേശങ്ങളും ഉള്‍കൊള്ളുന്ന മൂന്നു ദിവസത്തെ “തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ് ‘ സെമിനാര്‍ ന്യൂജേഴ്‌സിയിലെ പാറ്റെഴ്‌സന്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തോലിക് ദേവാലയത്തില്‍ നടത്തുകയുണ്ടായി. മതാധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയുള്ള ഈ സെമിനാര്‍ ഇടവക വികാരി റവ. ഫാ. ക്രിസ്ടി പറമ്പുകാട്ടിലിന്റെ നേതൃതത്തില്‍ നടത്തിയ ദിവ്യബലിയോടെ ആരംഭിച്ചു. തിയോളജി ഓഫ് ബോഡി ഫോര്‍ ലൈഫ് എന്ന മിനിസ്ട്രിയുടെ നേതൃതത്തില്‍ ബാബു ജോണ്‍ സെമിനാര്‍ നയിച്ചു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ മുന്നോട്ടുവച്ച “തിയോളജി ഓഫ് ബോഡി’ (ശരീരത്തിന്റെ ദൈവശാസ്ത്രം) ശരീരത്തിന്റെയും ആത്മാവിന്റെയും സൃഷ്ടിപരമായ ഒരു ഉള്‍കാഴ്ചയാണു. ശരീരത്തിന്റെ രഹസ്യത്തെ മനസിലാക്കുന്ന വിശുദ്ധഗ്രന്ഥാധിഷ്ഠിത പഠനങ്ങളിലേക്കുള്ള യാത്രയാണിത്. തികച്ചും വ്യത്യസ്തമായ ഒരു “ലെന്‍സി’ലൂടെ സമകാലീന ജീവിതത്തെയും വിശ്വാസത്തെയും ബന്ധങ്ങളെയും ലോകത്തെയും നോക്കിക്കാണാനുള്ള ശ്രമമാണിത്.

ജീവിതത്തിന്റെയും ശരീരത്തിന്റെയും ലൈംഗികതയുടെയും ബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും അര്‍ത്ഥവും ലക്ഷ്യവും ആദ്യമേ നാം മനസിലാക്കാതെ വരും തലമുറയ്ക്ക് എങ്ങനെയാണ് അവ കൈമാറുകയെന്നും ഈ യാത്രയില്‍ നമ്മെ സഹായിക്കുവാന്‍ ബാബു ജോണിന്റെ നേതൃത്തത്തിലുള്ള “തിയോളജി ഓഫ് ബോഡി ഫോര്‍ ലൈഫ് ‘എന്ന മിനിസ്ട്രി വളരെയധികം സഹായകമാണെന്നും www.tobforlife.org വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍ സന്ദേശം നല്‍കി. ലോകമെമ്പാടും ഈ മിനിസ്ട്രിയിലുടെ ബാബു ജോണ്‍ ചെയ്യുന്നത് എല്ലാര്‍ക്കും പ്രചോദനമാകട്ടെ എന്നു അദ്ദേഹം ആശംസിച്ചു. ഇത്തരത്തിലുള്ള സെമിനാറുകളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക്: Website: www.tobforlife.org, email: info@tobforlife.org