തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

09:19 AM 21/09/2016
images (11)
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. രാവിലെ 6 മണിക്ക് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (ആലപ്പുഴ വഴി) 7.45ന് പുറപ്പെടും. അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് (കോട്ടയം വഴി) 8.30നെ പുറപ്പെടൂ.

16606 നാഗർകോവിൽ-മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസും 16650 നാഗർകോവിൽ-മംഗലാപുരം സെൻട്രൽ പരശുറാം എക്സ്പ്രസും എറണാകുളം ജംങ്ഷനിൽ നിന്നാണ് രാവിലെ സർവീസ് ആരംഭിക്കുക. ശാസ്താംകോട്ടക്കും കരുനാഗപ്പള്ളിക്കും ഇടയിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നാണിതെന്ന് സതേൺ റെയിൽവേ അറിയിച്ചു.

തിങ്കളാഴ്ച രാത്രിയാണ് കല്ലേലിഭാഗത്ത് കല്ലുകടവ് ഓവര്‍ബ്രിഡ്ജിന് സമീപം ‘എസ്’ വളവിലാണ് ചരക്ക് ട്രെയിൻ പാളം തെറ്റിയത്. രാസവളം കയറ്റി തമിഴ്നാട് മീളവട്ടത്തുനിന്ന് കോട്ടയത്തേക്കു പോവുകയായിരുന്നു ട്രെയിനിന്‍െറ 21 വാഗണുകളില്‍ മധ്യഭാഗത്തെ എട്ടാമത്തേതു മുതല്‍ ഒമ്പതെണ്ണമാണ് പാളം തെറ്റിയത്. അഞ്ച് വാഗണുകള്‍ സമീപത്തെ പുരയിടത്തിനടുത്തേക്ക് തെറിച്ചുവീണു. 300 മീറ്റര്‍ ഭാഗത്തെ പാളം പൂര്‍ണമായി തകര്‍ന്നു. വാഗണ്‍ വീല്‍ ജാമായതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് റെയില്‍വേ അധികൃതരുടെ പ്രാഥമിക നിഗമനം.