തുർക്കിയിലെ റഷ്യൻ അംബാസഡർ വെടിയേറ്റ്​ മരിച്ചു

09:50 AM 20/12/2016

download
അങ്കാറ: തുർക്കിയിലെ റഷ്യൻ അംബാസഡർ ആ​​ന്ദ്രേ കാർലോവ്​ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റു മരിച്ചു. തലസ്‌ഥാനമായ അങ്കാറയിലെ ഫോട്ടോ പ്രദർശന പരിപാടിയിൽ സംസാരിക്കു​േമ്പാൾ പുറകിൽ നിന്ന്​ വെടിയുതിർക്കുകയായിരുന്നു. കാർലോവിന്റ മരണവാർത്ത റഷ്യൻ വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. ആക്രമണത്തിൽ മറ്റു ചിലര്‍ക്കും പരിക്കേറ്റു. അങ്കാറ കലാപ വിരുദ്ധ ഏജൻസി അംഗമാണ് കൊലയാളി.

വെടിയേറ്റുവീണ അംബാസഡറും സമീപം കൊലയാളിയും

‘അലപ്പോയെ മറക്കരുത്, സിറിയയെ മറക്കരുത്’ എന്ന് വിളിച്ചുപറഞ്ഞ് ആക്രമി ആന്ദ്രേയുടെ തൊട്ടുപിറകില്‍നിന്ന് നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. രക്തത്തില്‍ കുളിച്ച് പിടഞ്ഞുവീണ ആന്ദ്രേ തല്‍ക്ഷണം മരിച്ചു. ആക്രമിയെ സുരക്ഷാഭടന്മാര്‍ വെടിവെച്ചുകൊന്നതായി തുര്‍ക്കിയിലെ എന്‍.ടി.വി റിപ്പോര്‍ട്ടുചെയ്തു.

പൊലീസ് ഓഫിസറുടെ ഐ.ഡി കാര്‍ഡ് ഉപയോഗിച്ചാണ് അക്രമി ചിത്രപ്രദര്‍ശനം നടക്കുന്നിടത്തേക്ക് കയറിയത്. ആന്ദ്രേയുടെ പ്രസംഗം ഏതാനും നിമിഷം പിന്നിട്ടപ്പോള്‍ തൊട്ടുപിറകില്‍ നിന്നിരുന്ന ആക്രമി ഹാളിലുണ്ടായിരുന്നവരോട് പുറത്തുപോകാന്‍ ആക്രോശിക്കുകയും ആന്ദ്രേയെ വെടിവെക്കുകയുമായിരുന്നു. അലപ്പോയിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് തുര്‍ക്കിയുമായുള്ള ചര്‍ച്ചകളില്‍ സജീവമായിരുന്നു ആന്ദ്രേ.