തൃശൂര്‍ പൂരം ചടങ്ങാക്കി നടത്തും

09:45am 14/04/2016
images
തൃശൂര്‍: രാത്രി വെടിക്കെട്ടിന് ഹൈകോടതിയും പകല്‍ ആന എഴുന്നെള്ളിപ്പിന് വനം വകുപ്പും വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കി തൃശൂര്‍ പൂരം വെറും ചടങ്ങായി നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗം തീരുമാനിച്ചു. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ.എം.മാധവന്‍കുട്ടി, സെക്രട്ടറി സി.വിജയന്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ.മനോഹരന്‍ എന്നിവര്‍ രാത്രി വൈകി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ആനയെഴുന്നള്ളിപ്പിനുകൂടി കര്‍ശന നിയന്ത്രണങ്ങളുമായി ഉത്തരവ് ഇറങ്ങിയ പശ്ചാത്തലത്തിലാണ് ബുധനാഴ്ച രാത്രി ചേര്‍ന്ന അടിയന്തര യോഗം ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. പകല്‍ പത്ത് മുതല്‍ അഞ്ച് വരെ ആനയെ എഴുന്നെള്ളിക്കരുത് എന്നത് അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇന്നലെ വൈകുന്നേരമാണ് ഉത്തരവ് ഇറക്കിയത്. ഈ സാഹചര്യത്തില്‍ ഓരോ ആനയെ വീതം എഴുന്നള്ളിച്ച് പൂരച്ചടങ്ങുകള്‍ നടത്തിയെന്ന് വരുത്തും. വനം വകുപ്പിന്റെ ഉത്തരവ് ലംഘിച്ച് ചടങ്ങുകള്‍ നടത്തുമെന്നും ഇതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ദേവസ്വം ഭാരവാഹികള്‍ വ്യക്തമാക്കി.
വെടിക്കെട്ട് നിരോധവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഹൈകോടതിയില്‍ കേസ് പരിഗണിക്കാന്‍ ഇരിക്കെ ബുധനാഴ്ച പകല്‍ ചേര്‍ന്ന ഇരു ദേവസ്വങ്ങളുടേയും ഘടക ക്ഷേത്രഭാരവാഹികളുടേയും യോഗങ്ങള്‍ തീരുമാനപ്രകാരം കേസില്‍ കക്ഷി ചേരാന്‍ നിശ്ചയിച്ചിരിക്കെ പെട്ടെന്നാണ് മറ്റ് ചര്‍ച്ചകളൊന്നും വേണ്ടെന്നും പൂരം ചടങ്ങ് മാത്രമാക്കാനുമുള്ള കടുത്ത നിലപാട് സ്വീകരിച്ചത്. ആഘോഷങ്ങള്‍ ഒഴിവാക്കുന്നതോടെ പൂരത്തിന്റെ ആകര്‍ഷണമായ കുടമാറ്റവും വെടിക്കെട്ടും ഇല്ലാതാകുന്നത് പൂരത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്ന് ദേവസ്വങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയോ സര്‍ക്കാറിന്റെയോ പുറകെ പോകേണ്ടെന്ന് യോഗം തീരുമാനിച്ചു. പരവൂര്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ഹൈകോടതിയില്‍ നിന്ന് ഉണ്ടായ കടുത്ത പരാമര്‍ശങ്ങളും നിരീക്ഷണങ്ങളുമാണ് അനിശ്ചിതത്വത്തിന് കാരണമായത്.
വെടിക്കെട്ടു വിഷയം പരിശോധിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം എന്തുതന്നെയായാലും പൂരം ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന സംഘാടകരുടെ തീരുമാനത്തിനു മാറ്റമുണ്ടാകില്ല. നേരത്തേ പൂരം ചടങ്ങുമാത്രമായി നടത്തുമെന്ന പാറമേക്കാവ്തിരുവമ്പാടി ദേവസ്വങ്ങളുടെ മുന്നറിയിപ്പിന് പിന്തുണ പ്രഖ്യാപിച്ച് ഘടക ക്ഷേത്രങ്ങളും രംഗത്തത്തെിയിരുന്നു. കാര്യങ്ങള്‍ നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഇടപെടാമെന്ന് അറിയിച്ചെങ്കിലും ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉത്തരവ് ഇറക്കിയതാണ് ദേവസ്വങ്ങളെ പ്രകോപിപ്പിച്ചത്. തൃശൂരിന്റെ സാംസ്‌കാരികത്തനിമയുടെ ഭാഗമായ പൂരത്തെ തകര്‍ക്കാന്‍ ചില എന്‍.ജി.ഒ സംഘടനകള്‍ വിദേശ പണം പറ്റി ശ്രമിക്കുകയാണെന്ന് ദേവസ്വം ഭാരവാഹികള്‍ ആരോപിച്ചു.