ന്യൂജേഴ്‌സിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ഷാനി പട്ടേല്‍ വെടിയേറ്റു മരിച്ചു

09:50am 14/4/2016
– പി.പി. ചെറിയാന്‍
Newsimg1_41008493

ന്യൂജേഴ്‌സി: റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് ജൂണിയര്‍ വിദ്യാര്‍ഥിയായ ഷാനി പട്ടേല്‍ (21) ന്യൂവാക് കാമ്പസിനു സമീപമുള്ള സെന്‍ട്രല്‍ അവന്യുവില്‍ ഞായറാഴ്ച വെടിയേറ്റു മരിച്ചതായി യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ നാന്‍സി കാന്റോര്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചു.

ഷാനി പട്ടേലിന്റെ റൂം മേറ്റും കഴിഞ്ഞവര്‍ഷം ഇവിടെനിന്നും ഗ്രാജ്വേറ്റ് ചെയ്ത 23 കാരനായ വിദ്യാര്‍ഥിയും വെടിയേറ്റ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കവര്‍ച്ചാശ്രമത്തിനിടെ നടന്ന വെടിവയ്പായിട്ടാണ് എസക്‌സ് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസ് സംഭവത്തെ വിശേഷിപ്പിച്ചത്. മയക്കുമരുന്നും ഇതിന്റെ ഒരു ഭാഗമാണോ എന്നും പോലീസ് പരിശോധിച്ചുവരുന്നു. സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റു ചെയ്തിട്ടില്ല. ഇരുപതു വയസ് പ്രായമുള്ള രണ്ടു യുവാക്കള്‍ സംഭവസ്ഥലത്തുനിന്നും പലായനം ചെയ്തതായി സൂചന ലഭിച്ചിട്ടുണെ്ടന്നു പോലീസ് പറഞ്ഞു.

യൂണിവേഴ്‌സിറ്റി കാമ്പസിനു സമീപം നടന്ന വെടിവയ്പ് വിദ്യാര്‍ഥി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

എസക്‌സ് കൗണ്ടി ഷെറീഫ് ക്രൈം സ്റ്റോപ്പേഴ്‌സ് പ്രോഗ്രാം വെടിവയ്പിനേക്കുറിച്ചോ പ്രതികളേക്കുറിച്ചോ സൂചന നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: 877 847 7432.