തൃശൂര്‍ പൂരം വെടിക്കെട്ട് ഉപാധികളോടെ നടത്താന്‍ ഹൈക്കോടതി അനുമതി

12.29 PM 15-04-2016
pooram
തൃശൂര്‍ പൂരം വെടിക്കെട്ട് കര്‍ശന ഉപാധികളോടെ നടത്താന്‍ ഹൈക്കോടതി അനുമതി. നിരോധിത വെടിമരുന്നുകള്‍ ഉപയോഗിക്കരുതെന്നും ശബ്ദമലിനീകരണം വളരെ കുറഞ്ഞ തോതില്‍ മാത്രമേ ആകാവു എന്നും ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, അനുശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തൃശൂര്‍ പൂരം കേരളത്തിന്റെ സംസ്‌കാരത്തിന്റേയും സാമൂഹിക ജീവിതത്തിന്റേയും ഭാഗമാണെന്ന് കോടതി ചൂണ്്ടിക്കാട്ടി. അത് സുഗമമായി നടക്കുകയും വേണം. എന്നാല്‍ പൂരത്തിന്റെ പേരില്‍ നിയമലംഘനം അനുവദിക്കാനാവില്ല. വെടിക്കെട്ട് നടത്തുന്നതിന് ഇളവ് അനുവദിച്ചു കൊണ്്ട് 2007ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ, ആഘോഷങ്ങളില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ പ്രധാന പങ്കാളികളായ പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങളുടെ അടിയന്തര യോഗം തീരുമാനിച്ചിരുന്നു. കുടമാറ്റവും വെടിക്കെട്ടും ഉണ്ടാവില്ല. ചടങ്ങുമാത്രമായി പൂരം നടത്തും. തൃശൂര്‍ പൂരം നടത്തിപ്പിനായി ഇനി സര്‍ക്കാരിനെ സമീപിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. വെടിക്കെട്ട് നിരോധനം സംബന്ധിച്ച ആശങ്കകള്‍ക്കു പുറമേ വനംവകുപ്പിന്റെ ആനയെഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങളും വന്നതോടെയാണ് തൃശൂര്‍ പൂരം നടത്തിപ്പ് അനിശ്ചിതത്വത്തിലായത്.
തൃശൂര്‍ പൂരത്തിന്റെ മഠത്തില്‍വരവ്, ഇലഞ്ഞിത്തറമേളം, പൂരം പുറപ്പാട് തുടങ്ങിയ പ്രധാന ചടങ്ങുകളെല്ലാം പകലാണ് നടക്കുന്നത്. ഈ ചടങ്ങുകളെല്ലാം ആനകളെ മൂന്നു മണിക്കൂറിലധികം എഴുന്നള്ളിക്കുന്നവയുമാണ്. ഇതിനുപുറമേ രാത്രി ഉഗ്രശബ്ദമുള്ള വെടിക്കെട്ട് നടത്തരുതെന്ന ഹൈക്കോടതി ഉത്തരവുകൂടി പാലിച്ചു പൂരം നടത്താന്‍ യാതൊരു സാഹചര്യവുമില്ലെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ദേവസ്വങ്ങളുടെ തീരുമാനം.
പുലര്‍ച്ചെ മൂന്നിനാണു പൂരത്തിന്റെ പ്രധാന വെടിക്കെട്ട്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറുവരെ വെടിക്കെട്ടിനു നിയന്ത്രണമുണ്ടെന്നു ജില്ലാ കളക്ടറും പോലീസും ദേവസ്വങ്ങളെ അറിയിച്ചിരുന്നു.