തെരഞ്ഞെടുപ്പില്‍ പണമൊഴുകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് പിടിച്ചെടുത്തത് 570 കോടി

04:10pm 14/5/2016
download (3)
ചെന്നൈ: മെയ് 16ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ ഒഴുകുന്നത് കോടികള്‍. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ശനിയാഴ്ച മാത്രം പിടിച്ചെടുത്തത് 570 കോടി രൂപ. മൂന്നു കണ്ടെയ്‌നറുകളില്‍ കടത്തുകയായിരുന്ന പണം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
തിരുപ്പൂര്‍ ജില്ലയില്‍ പരിശോധനയ്ക്കിടെയാണ് പണവുമായി കണ്ടെയ്‌നറുകള്‍ എത്തിയത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോയമ്പത്തൂര്‍ മുതല്‍ വിശാഖപട്ടണം വരെയുള്ള ബ്രാഞ്ചുകളില്‍ നിക്ഷേപിക്കുന്നതിനുള്ള പണമാണെന്ന് പിടിയിലായവര്‍ പറയുന്നു. എന്നാല്‍ മതിയായ രേഖകളില്ലാതെയാണ് പണം കൊണ്ടുവന്നതെന്നും ഇവരുടെ മൊഴികളില്‍ വിശ്വാസ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു.
പെരുമണല്ലൂര്‍- കുന്നത്തൂര്‍ ബൈപ്പാസില്‍ ഇന്നു പുലര്‍ച്ചെയാണ് പണം കടത്തിയ കണ്ടെയ്‌നറുകള്‍ പിടികൂടിയത്. കണ്ടെയ്‌നറുകളെ പിന്തുടര്‍ന്ന് മൂന്നു കാറുകളും എത്തിയിരുന്നു. ഇവരില്‍ ഉണ്ടായിരുന്നവരെയും അധികൃതര്‍ പിന്തുടര്‍ന്ന് ചെങ്കല്‍പള്ളിക്ക് സമീപംവച്ച് പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള പോലീസുകാരാണ് തങ്ങളെന്ന് കാറിലുണ്ടായിരുന്നവര്‍ അവകാശപ്പെട്ടുവെങ്കിലും അവര്‍ യൂണിഫോമില്‍ ആയിരുന്നില്ല. കാറിലുണ്ടായിരുന്നവരെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ വാഹനങ്ങള്‍ തിരുപ്പൂര്‍ ജില്ലാ കലക്ടറേറ്റിലേക്ക് കെണ്ടുപോയി.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയില്‍ വാഹനം നിര്‍ത്താതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വാഹന പരിശോധനയെ കുറിച്ച് അറിവില്ലായിരുന്നുവെന്നും കൊള്ളക്കാരാണെന്ന് കരുതിയാണ് പാഞ്ഞുപോയെതെന്ന വിചിത്രമായ വാദമാണ് ഇവര്‍ നല്‍കിയത്. അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബാങ്ക് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായതോടെ തമിഴ്‌നാട്ടില്‍ വ്യാപകമായി പണം ഒഴുകുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടികണക്കിന് രൂപയാണ് ഇതിനകം തന്നെ പിടിച്ചെടുത്തത്. പണത്തിനു പുറമേ മദ്യവും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഇലക്‌ട്രേണിക് ഉപകരണങ്ങളുമായി പാരിതോഷികങ്ങള്‍ ഒഴുകുകയാണ്.