തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ്സില്‍ 5 മില്യണ്‍ നഷ്ടപരിഹാരം നല്‍കണം

03.57 PM 28-05-2016
DOG Bite
പി.പി.ചെറിയാന്‍

ഡാളസ്: കഴിഞ്ഞ മാസം തെരുവുനായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗത്ത് ഡാളസ്സില്‍ നിന്നുള്ള ബ്രൗണിന്റെ മരണത്തിന് നഷ്ടപരിഹാരമായി 5 മില്യണ്‍ ഡോളര്‍ ഡാളസ്സ് സിറ്റി നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ലൊ സ്യൂട്ട് ഫയല്‍ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുന്നു.

തെരുവു നായ്ക്കളുടെ ആക്രമണത്തിന് സിറ്റിക്ക് ഉത്തരവാദിത്വം ഇല്ലെന്നാണ് വിശ്വസിക്കുന്നതെന്ന് സിറ്റി അറ്റോര്‍ണി അഭിപ്രായപ്പെട്ടു.

മുമ്പു മിലിട്ടറിയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ബ്രൗണിന്റെ മരണം ഡാളസ്സ് സിറ്റി കൗണ്‍സില്‍ ചൂടേറിയ വാഗ് വാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. സിറ്റി പരിധിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സിറ്റി കമ്മീഷന്‍ ഇന്ന് ചര്‍ച്ചയ്‌ക്കെടുത്തു. യുവതിയുടെ കുടുംബാംഗങ്ങളുടെ ആവശ്യവും കമ്മീഷന്‍(ഇന്ന് മെയ് 26) പരിശോധിച്ചു.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ചു ഈ വര്‍ഷം പിടികൂടിയ തെരുവുനായ്ക്കളുടെ എണ്ണം കുറവാണെന്ന് സിറ്റി അനിമല്‍ ഷെല്‍ട്ടര്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ പീറ്റര്‍ ബ്രോഡ്‌സ്‌കി പറഞ്ഞു. 2015 വരെ 350 അമേരിക്കക്കാരാണ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും പിറ്റ്ബുള്‍ ഇനത്തില്‍ പെട്ടവയുടെ ആക്രമണത്തിലാണ്.