തെരുവുനായ്ക്കളെ വയനാട്ടിലേക്ക് കൊണ്ടുപോകാനാവാതെ കുഴങ്ങി ബോബി ചെമ്മണൂരും കൂട്ടരും

02:11 pm 16/10/2016

download (7)

കോഴിക്കോട്: പിടികൂടിയ തെരുവുനായ്ക്കളെ വയനാട്ടിലേക്ക് കൊണ്ടുപോകാനാവാതെ കുഴങ്ങി ബോബി ചെമ്മണൂരും കൂട്ടരും. പിടികൂടി തെരുവുനായ്ക്കളെ വയനാട്ടിലെ കേന്ദ്രത്തില്‍ വളര്‍ത്താന്‍ ശ്രമിച്ചത് തടഞ്ഞതോടെപ്രതിഷേധവുമായി ബോബി ചെമ്മണൂര്‍ ഫാന്‍സ് ശനിയാഴ്ച രംഗത്തത്തെി.
വെള്ളിയാഴ്ച കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങില്‍നിന്ന് പിടികൂടിയ നായ്ക്കളടങ്ങിയ വാഹനം കല്‍പറ്റയിലേക്ക് കൊണ്ടുപോകാനായിരുന്നില്ല. ഇതോടെയാണ് നായ്ക്കളടങ്ങിയ വാഹനവുമായി ശനിയാഴ്ച രാവിലെ കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നില്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിഷേധിച്ചത്.
ജനങ്ങളുടെ ജീവന് ഭീഷണിയായ തെരുവുനായ്ക്കളെ സ്വന്തം ഭൂമിയില്‍ വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അത് തടയുകയാണെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുള്ള ബാനറുകളുമായിട്ടായിരുന്നു പ്രതിഷേധം.

ബോബി ചെമ്മണൂര്‍ കലക്ടറേറ്റില്‍ എ.ഡി.എം ടി. ജനില്‍ കുമാറുമായി ചര്‍ച്ച നടത്തിയെങ്കിലും കോര്‍പറേഷന്‍ അധികൃതരെ ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. ജില്ലാ കലക്ടര്‍ സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹത്തെ കാണാനായില്ല. കലക്ടറേറ്റില്‍ വാഹനമിടാനാവില്ളെന്നും അവിടെനിന്ന് നീക്കം ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മാനാഞ്ചിറ പബ്ളിക് ലൈബ്രറിക്ക് സമീപം നായ്ക്കളടങ്ങിയ വാഹനം പാര്‍ക്ക് ചെയ്തും പ്രതിഷേധിച്ചു.അപ്പോഴേക്കും നായ്ക്കള്‍ വിശന്ന് അവശനിലയിലായിരുന്നു. തുടര്‍ന്ന് ഇവക്ക് ഭക്ഷണം നല്‍കിയെങ്കിലും വാഹനത്തിന്‍െറ ഉള്ളില്‍നിന്ന് പുറത്തുകടക്കാനായുള്ള ആക്രോശം തുടര്‍ന്നു.
എവിടേക്കും കൊണ്ടുപോകാനാവാതെ തെരുവുനായ്ക്കളുമായി രണ്ടുദിവസമായി ബോബി ചെമ്മണൂരും കൂട്ടരും നഗരം ചുറ്റുകയായിരുന്നു.
രണ്ടുദിവസമായി നായ്ക്കളും കൂട്ടില്‍ത്തന്നെയായിരുന്നു. ഉച്ചക്കുശേഷം മേയര്‍ തോട്ടത്തില്‍ രവീന്ദ്രനുമായി ചര്‍ച്ച നടത്തി. പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ കോര്‍പറേഷനും തീരുമാനമെടുക്കാനായില്ല.

നിലവില്‍ താല്‍ക്കാലികമായി കെ.ടി.സിയുടെ ഉടമസ്ഥതയിലുള്ള വളപ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ബോബി ഫാന്‍സ് അറിയിച്ചു. തിങ്കളാഴ്ച ഹൈകോടതിയില്‍നിന്ന് അനുകൂലമായ വിധിക്ക് കാത്തിരിക്കുകയാണിവര്‍.