തോക്കുധാരികളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.

12;09 pm 23/9/2016
image_760x400

മുംബൈ: ഉറാന്‍ നാവികസേന ആസ്ഥാനത്തിനു സമീപം കണ്ട തോക്കുധാരികളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. ആസ്ഥാനത്തിന് സമീപം ചിലരെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടുവെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുംബൈയിലെങ്ങും തീരമേഖലയിലുള്‍പ്പെടെ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ പത്തോടെ പത്താന്‍ സ്യൂട്ട് ധരിച്ച അഞ്ചോ ആറോ പേരടങ്ങുന്ന തോക്കുധാരികളായ സംഘത്തെ കണ്ടുവെന്ന് ഉറാനിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ വിദ്യാലയ അധികൃതരെ അറിയിക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ പൊലീസിനു വിവരം കൈമാറിയതിനെ തുടര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

ദിവസങ്ങള്‍ക്കു മുമ്പ് കശ്മീരിലെ ഉറി സൈനിക ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്. മുംബൈ, നവി മുംബൈ, താണെ, റൈഗാര്‍ഡ് തീരമേഖല എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്. പശ്ചിമ ഇന്ത്യയിലെ ഏറ്റവും വലിയ നേവല്‍ബേസ്, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍റര്‍, റിഫൈനറീസ്, രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ പോര്‍ട്ട് തുടങ്ങി പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം ഉറാന്‍ നാവികസേന ആസ്ഥാനത്തിനു സമീപത്താണ്.