തോമസ് ചാണ്ടി എൻസിപിയുടെ മന്ത്രിയാകും.

12:44 pm 31/3/2017
download (13)

തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ തോമസ് ചാണ്ടി എൻസിപിയുടെ മന്ത്രിയാകും. ശനിയാഴ്ച വൈകിട്ട് നാലിന് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് വരുന്നതിനെ എൽഡിഎഫ് അനുകൂലിക്കുകയായിരുന്നു. ശശീന്ദ്രനെതിരേ ഉയർന്ന ആരോപണം ഹണിട്രാപ് തന്നെയായിരുന്നുവെന്ന് ചാനൽ സമ്മതിച്ചുവെങ്കിലും മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരാൻ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെയാണ് തോമസ് ചാണ്ടിയുടെ മന്ത്രിസഭാ പ്രവേശനം വേഗത്തിലായത്.

ഫോണ്‍ വിവാദം കെണിയായിരുന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ശശീന്ദ്രനെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് നിരവധി കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ മന്ത്രിസ്ഥാനം ഏകദേശം ഉറച്ചിരുന്ന തോമസ് ചാണ്ടി ഇതിനെ എതിർത്തു. മന്ത്രിസ്ഥാനം വേണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം ഒടുവിൽ എൻസിപി നേതൃത്വം അംഗീകരിക്കുകയായിരുന്നു.

രാവിലെ എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി തോമസ് ചാണ്ടിയും കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് ഇടതുമുന്നണിയുടെ പിന്തുണ തോമസ് ചാണ്ടി ഉറപ്പിച്ചത്. മുന്നണി യോഗത്തിൽ ആരും തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനത്തെ എതിർത്തുമില്ല.