തോൽവിക്ക് (2-0) കാരണക്കാരായ മൂന്നു പേരെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിപ്പിക്കരുതെന്ന് മെസ്സി

11:03 am 11/4/2017

ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ മലാഗക്കെതിരായ മത്സരത്തിലേറ്റ തോൽവിക്ക് (2-0) കാരണക്കാരായ മൂന്നു പേരെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിപ്പിക്കരുതെന്ന് സ്റ്റാർ സ്ട്രൈക്കർ ലയണൽ മെസ്സി ടീം മാനേജ്മെൻറിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. പ്രതിരോധ നിരയിലെ ജെറമി മാത്യൂ, മധ്യനിരക്കാരായ ഡെനിസ് സുവാരസ്, ആന്ദ്രെ ഗോമസ് എന്നിവരെ സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ഇറക്കരുതെന്നാണ് ആവശ്യം. തുടർച്ചയായി പരാജയപ്പെടുന്ന മൂവരും ടീമിന് ബാധ്യതയാണെന്നും സൂപ്പർ താരം പരാതിപ്പെട്ടതായി സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. മലാഗയോടേറ്റ തോൽവിയോടെ കിരീടപ്പോരാട്ടത്തിൽ റയലിന് ഒപ്പമെത്താനുള്ള അവസരമാണ് ബാഴ്സക്ക് നഷ്ടമായത്.
ട്രാൻസ്ഫർ ജാലകത്തിൽ മികച്ച പ്രതിരോധ നിരക്കാരെ ടീമിലെത്തിക്കാൻ കോച്ച് ലൂയി എൻറിക്വെക്ക് കഴിഞ്ഞില്ലെന്ന വിമർശനങ്ങൾക്കിടെയാണ് ഇൗ ആഭ്യന്തര കലഹം.

മെസ്സിയുടെ വാദം സഹതാരങ്ങളുടെ കൂടെ പിന്തുണയിലാണെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ പത്ത് മത്സരത്തിൽ രണ്ട് കളിയിൽ മാത്രമേ ബാഴ്സ ഗോൾവഴങ്ങാതിരുന്നിട്ടുള്ളൂ. മുൻനിര ഗോളടിക്കുേമ്പാഴും പ്രതിരോധം പാളുന്നതാണ് ബാഴ്സക്ക് തിരിച്ചടിയാവുന്നത്. അതേസമയം, പിക്വെ, മഷറാനോ, ഉമിറ്റിറ്റി എന്നിവർക്ക് പകരംവെക്കാനൊരു റിസർവ് ബെഞ്ചില്ലാത്തതാണ് കാറ്റലോണിയന്മാർക്ക് സീസണിലുടനീളം തലവേദനയാവുന്നത്.