തോമാശ്ലീഹായെ വധിച്ച ശൂലാഗ്രം ഇരുന്ന സ്തംഭത്തിന്റെ പകര്‍പ്പ് നിരണത്ത്

09:50am 11/7/22016
Newsimg1_58988914

ചങ്ങനാശേരി: തോമാശ്ലീഹായുടെ മരണ കാരണമായ ശൂലാഗ്രം സൂക്ഷിച്ചിരുന്ന സ്തംഭത്തിന്റെ ശരിപ്പകര്‍പ്പ് ഇനി നിരണത്ത്. ചരിത്രസ്മാരകമായ ഈ സ്തംഭത്തിന്റെ അസല്‍ പകര്‍പ്പ് നാളെ 10ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ നിരണത്തെ മാര്‍ത്തോമ്മാശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ സ്ഥാപിക്കും. വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കു ശേഷമാണു ഗോവയിലുള്ള ‘ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ’യുടെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്തംഭത്തിന്റെ പകര്‍പ്പ് നിരണത്തു സ്ഥാപിക്കാനായി ലഭ്യമായത്.

തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ മധ്യകേരളത്തിലെ നിരണത്ത് ശ്ലീഹായുടെ തിരുശേഷിപ്പിനൊപ്പം ഈ സ്മാരക സ്തംഭം സ്ഥാപിക്കണമെന്ന ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ആഗ്രഹമാണ് ഇപ്പോള്‍ ഫലപ്രാപ്തിയില്‍ എത്തിയത്. ഗോവയിലെ ‘ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ’യുടെ അധികാരികളുമായി 2013ല്‍ അദ്ദേഹം ഇക്കാര്യത്തിനായി ബന്ധപ്പെട്ടു. അവരുടെ നിര്‍ദേശാനുസരണം ഡല്‍ഹിയിലുള്ള ‘ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ’യുടെ ഡയറക്ടര്‍ ജനറലായ പ്രവീണ്‍ ശ്രീവാസ്തവയെ പത്തനംതിട്ട പാര്‍ലമെന്റ് അംഗം ആന്റോ ആന്റണി വഴി ബന്ധപ്പെട്ടു ശ്രമങ്ങള്‍ തുടര്‍ന്നു.

2015 സെപ്റ്റംബര്‍ ഒന്നിനു പ്രവീണ്‍ ശ്രീവാസ്തവയുടെ പിന്‍ഗാമി ഡോ. രാകേഷ് തിവാരിയാണ് മാതൃക തയാറാക്കാന്‍ അനുവാദം നല്‍കിയത്. ഇങ്ങനെ നിര്‍മിച്ച, സ്തംഭത്തിന്റെ ശരിപ്പകര്‍പ്പ് ജൂലൈ ഒന്നിനാണ് ചങ്ങനാശേരിയില്‍ എത്തിയത്.

അതിരൂപതാ യുവദീപ്തിയുടെ നേതൃത്വത്തിലുള്ള തീര്‍ഥാടനവും നാളെ നടക്കും. നാളെ രാവിലെ 7.15ന് അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ.ഫിലിപ്പ് തയ്യില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11ന് മാവേലിക്കരയില്‍നിന്നുള്ള തീര്‍ഥാടകരെ സ്വീകരിക്കും. 11.20ന് ചങ്ങനാശേരി അതിരൂപത യുവദീപ്തിയുടെ നേതൃത്വത്തിലുള്ള തീര്‍ഥാടകര്‍ എത്തിച്ചേരും. 11:40ന് തിരുശേഷിപ്പ് പ്രതിഷ്ഠ. 12:15ന് ആഘോഷമായ വിശുദ്ധ കുര്‍ബാന ഫാ.ജേക്കബ് ചക്കാത്തറ. ഉച്ചകഴിഞ്ഞ് 2:15ന് കൊടിയിറക്ക്, രാത്രി ഏഴിന് കുടുംബ സംഗമം.

ഇന്നു തെക്കന്‍ മേഖലയില്‍നിന്നുള്ള തീര്‍ഥാടകര്‍ രാവിലെ പത്തിന് എത്തിച്ചേരും. അതിരൂപത വികാരി ജനറാള്‍ മോണ്‍.മാണി പുതിയിടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ തെക്കന്‍ മേഖലയിലെ വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ഈ സ്തംഭത്തിന്റെ അസല്‍ മാതൃക നിരണം മാര്‍ തോമാശ്ലീഹാ തീര്‍ഥാടനകേന്ദ്രത്തില്‍ സ്ഥാപിക്കുന്നതിനു സഹായ സഹകരണങ്ങള്‍ ചെയ്ത ഡോ.രാജേഷ് തിവാരി (ഡയറക്ടര്‍ ജനറല്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ), പ്രവീണ്‍ ശ്രീവാസ്തവ ഐഎഎസ്, ഗുരുഭാജി (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഗോവ), ജോസ് ഫിലിപ്പ് (മുന്‍ കളക്ടര്‍, ഗോവ), ആന്റോ ആന്റണി എംപി, റവ.ഡോ.ജേക്കബ് കൂരോത്ത് എന്നിവരും ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച റവ.ഡോ.ജോസഫ് കൊല്ലാറയ്ക്കും ചങ്ങ നാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരു ന്തോട്ടം നന്ദി അറിയിച്ചു. ­