ത്വരിതാന്വേഷണം: അടൂര്‍ പ്രകാശിന്റെ ഹരജി ഹൈകോടതി തള്ളി

1:58pm 1/4/2016
download (1)
കൊച്ചി: തനിക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ത്വരിതാന്വേഷണ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശ് സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളി. ഭൂമി വിട്ടു നല്‍കാനുള്ള തീരുമാനം മന്ത്രി സഭയുടെതാണെന്നും ഇതില്‍ വ്യക്തിപരമായി താന്‍ ഇടപെട്ടില്ലെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ വാദം. മന്ത്രിയുടെ വാദം കോടതി അംഗീകരിച്ചില്ല. പരാതിയില്‍ നിക്ഷ്പക്ഷമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസ് ബി. ഉബൈദ് നിര്‍ദേശം നല്‍കി.

സന്തോഷ് മാധവനില്‍ നിന്ന് പിടിച്ചെടുത്ത മിച്ചഭൂമി തിരികെ നല്‍കിയ തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് വന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സ്ഥലം ഉടമ സന്തോഷ് മാധവന്‍, ഐ.ടി. കമ്പനിയായ ആര്‍.എം. ഇസഡ്, ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം.ഡി ബി.എം ജയശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി. മാധവന്‍ ഉത്തരവിട്ടത്.

മന്ത്രിക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി വ്യാഴാഴ്ചയാണ് ഉത്തരവിട്ടത്. കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് നടപടി. അന്യായമായി ഇളവു നല്‍കി മിച്ചഭൂമി വിട്ടുകൊടുത്തതില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന പരാതിക്കാരന്റെ വാദം തള്ളിയ വിജിലന്‍സ് കോടതി ഏപ്രില്‍ 25നകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.