ത്വാഇഫിൽ കഴിഞ്ഞ ദിവസമുണ്ടായ പേമാരിയിൽ കനത്ത നാശനഷ്​ടം.

10:15 am 20/5/2017

ത്വാഇഫ്: മഴക്കെടുതി വിലയിരുത്താനും വീഴ്ചകളും പോരായ്​മകളും അന്വേഷിക്കാനും സമിതി രൂപവത്കരിക്കാന്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ അടിയന്തിര നിര്‍ദേശം നല്‍കി. ബുധനാഴ്ച ഉച്ചക്ക് ശേഷം മേഖലയിലുണ്ടായ കനത്ത മഴയെ തുടര്‍ന്നാണിത്. ത്വാഇഫ് ഗവര്‍ണറുടെ മേല്‍നോട്ടത്തിലുള്ള സമിതിയില്‍ മേഖല പൊലീസ്, സിവില്‍ ഡിഫന്‍സ്, ത്വാഇഫ് മുനിസിപ്പാലിറ്റി, നാഷനല്‍ വാട്ടര്‍ കമ്പനി പ്രതിനിധികളുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കാരണങ്ങളും വീഴ്ചകളും പോരായ്​മകളും വിശദമായി അന്വേഷിക്കാനും റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്തൊന്നുമില്ലാത്ത മഴയാണ് ത്വാഇഫിലുണ്ടായത്. അഞ്ച് മണിക്കൂറിലധികം നീണ്ട മഴ വ്യാപകമായ നഷ്​ടങ്ങളാണ് പല ഭാഗങ്ങളിലുമുണ്ടാക്കിയത്. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി. മരങ്ങളും വൈദ്യുതി പോസ്​റ്റുകളും കടപുഴകി വീണു. പലയിടങ്ങളിലും വൈദ്യുതി ബന്ധം വി​​േച്​ഛദിച്ചു. കടകളിലേക്ക് വെള്ളം കയറി. ഷോക്കേറ്റ സംഭവങ്ങളുമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകള്‍ തകര്‍ന്നിട്ടുണ്ട്​. മുന്‍കരുതലെന്നോണം അല്‍ഹദാ റോഡ് അടച്ചു. കല്ലും മണ്ണും ചളിയും ഒലിച്ചെത്തി. റോഡുകള്‍ താറുമാറായിരിക്കയാണ്​. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. താഴ്‌വരകള്‍ ഒറ്റപ്പെട്ട അവസ്​ഥയിലാണ്​.

ഓവുചാലുകൾ തകർന്നിട്ടുണ്ട്​. വെള്ളക്കെട്ടില്‍ കുടുങ്ങിയ 15 വാഹനങ്ങളില്‍ നിന്ന് 42 ഓളം പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. വാദി ജലീലില്‍ ഒഴുക്കില്‍പ്പെട്ട് മരത്തില്‍ കയറി നിന്ന ആളെയും രക്ഷപ്പെടുത്തി. മഴയെ തുടര്‍ന്ന് റോഡില്‍ കെട്ടിനിന്ന വെള്ളം പമ്പ് ചെയ്തു നീക്കലും ക്ലിനിങ് ജോലികളും മുനിസിപ്പാലിറ്റിക്ക് കീഴില്‍ ഇന്നലെ ആരംഭിച്ചു. നിരവധി തൊഴിലാളികളെ ത്വാഇഫി​​െൻറ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്​.

ത്വാഇഫിലെ ദുരിതബാധിത പ്രദേശങ്ങള്‍ ത്വാഇഫ് ആക്ടിങ് ഗവര്‍ണര്‍ സഅദ് ബിന്‍ മുഖ്ബില്‍ മൈമൂനി സന്ദര്‍ശിച്ചു. മഴക്കെടുതിയിലുണ്ടായ നാശനഷ്​ടങ്ങള്‍ പ്രത്യേകസമിതി കണക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് റോഡിലെ വെള്ളവും പാറക്കല്ലുകളും ​െചളികളും നീക്കം ചെയ്യാന്‍ മുഴുസേവനത്തിന് ആളുകളെ നിയോഗിക്കാനും ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാനും ത്വാഇഫ് മേയറോട് മുനിസിപ്പല്‍ ഗ്രാമമന്ത്രി അബ്​ദുല്‍ലത്തീഫ് ബിന്‍ അബ്​ദുല്‍ മലിക് ആലുശൈഖ് ആവശ്യപ്പെട്ടു. മഴക്ക് മുമ്പ് സ്വീകരിച്ച അടിയന്തിര നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്​.