ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം

08/02/2016

index
ഗുവാഹതി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം. 30 സ്വര്‍ണവുമായി ഒന്നാം സ്ഥാനത്ത് ഏറെ മുന്നിലത്തെിയ ആതിഥേയരുടെ മെഡല്‍ക്കൂട്ടത്തിലേക്ക് നീന്തല്‍ താരം സാജന്‍ പ്രകാശും സൈക്‌ളിങ്ങില്‍ ലിഡിയ മോള്‍ സണ്ണിയുമാണ് മഞ്ഞപ്പതക്കമത്തെിച്ചത്. 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ റെക്കോഡ് തിരുത്തിയാണ് തൊടുപുഴ മുതലക്കോടം സ്വദേശിയായ സാജന്‍ തന്റെ ആദ്യ അന്താരാഷ്ട്ര സ്വര്‍ണം മുങ്ങിയെടുത്തത്. വനിതകളുടെ സൈക്‌ളിങ്ങില്‍ 40 കിലോമീറ്റര്‍ െ്രെകറ്റീരിയം വിഭാഗത്തിലാണ് ലിഡിയ ഇന്ത്യക്ക് ഞായറാഴ്ച ആദ്യ സ്വര്‍ണം സമ്മാനിച്ചത്. കോട്ടയം ചെങ്ങളം സ്വദേശിയായ ലിഡിയ ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ എ. ചന്ദ്രന്‍ ചെട്ട്യാരുടെ ശിഷ്യയാണ്. 30 പോയന്റുള്ള ലിഡിയക്കു പിന്നില്‍ സഹതാരം മനോരമ ദേവിക്കാണ് (26 പോയന്റ്) വെള്ളി.

30 സ്വര്‍ണവും 12 വെള്ളിയും മൂന്നു വെങ്കലവുമടക്കം 45 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ശ്രീലങ്കക്ക് എട്ടു സ്വര്‍ണവും 18 വെള്ളിയും 14 വെങ്കലവുമുണ്ട്. മൂന്നാം ദിനം ആതിഥേയര്‍ 13 സ്വര്‍ണം കൂടി മെഡല്‍പ്പട്ടികയില്‍ ചേര്‍ത്തു. നീന്തലിലും ഭാരോദ്വഹനത്തിലും ഗുസ്തിയിലും നാലു സ്വര്‍ണം വീതവും ടേബ്ള്‍ ടെന്നീസില്‍ രണ്ടും സൈക്‌ളിങ്ങിലും വുഷുവിലും ഒരു സ്വര്‍ണവുമാണ് ഇന്നലത്തെ കൊയ്ത്ത്.

മലയാളിക്കരുത്തില്‍ വോളിബാളില്‍ പാകിസ്താനെ നേരിട്ടുള്ള സെറ്റില്‍ തകര്‍ത്ത് ഇന്ത്യ സെമിഫൈനല്‍ ഉറപ്പിച്ചു. സ്‌കോര്‍: 255, 257, 256. വനിതാ ഹോക്കിയില്‍ ഇന്ത്യ നേപ്പാളിനെ 240ത്തിന് തരിപ്പണമാക്കി. പുരുഷ ടി.ടിയില്‍ ശ്രീലങ്കയെയും വനിതകള്‍ പാകിസ്താനെയുമാണ് തോല്‍പിച്ചത്.
സരുസജായ് സ്‌പോര്‍ട്‌സ് സമുച്ചയത്തിലെ സക്കീര്‍ ഹുസൈന്‍ അക്വാട്ടിക് കോംപ്‌ളക്‌സില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വമ്പന്‍ പോരാട്ടത്തിനൊടുവിലാണ് സാജന്‍ സ്വര്‍ണമണിഞ്ഞത്. 15 മിനിറ്റ് 55.34 സെക്കന്‍ഡില്‍ നീന്തിയ സാജനു പിന്നില്‍ സഹതാരം സൗരവ് സാങ്വേക്കര്‍ 16 മിനിറ്റ് 13.15 സെക്കന്‍ഡോടെയാണ് വെള്ളിയിലത്തെിയത്. സാങ്വേക്കറും സാജനും 17ാം ലാപ്പ് വരെ ഒപ്പത്തിനൊപ്പം മുന്നേറുകയായിരുന്നു. അവസാനഘട്ടത്തില്‍ വേഗം കൂട്ടുന്ന പതിവുശൈലിയില്‍ സാജന്‍ കുതിച്ചു. ഒടുവില്‍ തന്റെ ആദ്യ ദക്ഷിണേഷ്യന്‍ ഗെയിംസ് സ്വര്‍ണപ്പതക്കവും സ്വന്തമായി. 2003ല്‍ കൊളംബോയില്‍ ഇന്ത്യയുടെ മന്ദര്‍ ആനന്ദ് കുറിച്ച 16 മിനിറ്റ് 17.18 സെക്കന്‍ഡാണ് സാജന്‍ പിന്നിലാക്കിയത്. ചുമലിനേറ്റ ചെറിയ പരിക്ക് വിനയാകുമെന്ന ആശങ്കകളെ വകഞ്ഞുമാറ്റിയാണ് റെക്കോഡ് സ്വര്‍ണം നേടിയത്. ചൊവ്വാഴ്ച 400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 200 മീറ്റര്‍ ബട്ടര്‍ഫൈ്‌ളയിലും 4ഃ200 മീറ്റര്‍ റിലേയിലും മത്സരമുണ്ട്. 1500, 400 മീറ്റര്‍ ഫ്രീസ്‌റ്റൈലുകളില്‍ സാജന്‍ ഒളിമ്പികസ് യോഗ്യത നേരത്തേ ഉറപ്പിച്ചിരുന്നു.

വനിതകളുടെ മെഡ്‌ലെയില്‍ ആതിഥേയരുടെ സയാനി ഘോഷ് അഞ്ചു മിനിറ്റ് 14.51 സെക്കന്‍ഡില്‍ പുതിയ ഗെയിംസ് റെക്കോഡ് കുറിച്ചു. ഇന്ത്യയുടെ തേജസ്വിനി വൈദ്യനാഥന്റെ നേട്ടമാണ് ഓര്‍മയായത്. ഇന്ത്യയുടെ ശ്രദ്ധ സുധീര്‍ രണ്ടാമതത്തെി. പുരുഷന്മാരുടെ 200 മീറ്റര്‍ ബാക്‌സ്‌ട്രോക്കില്‍ ഇന്ത്യയുടെ എം. അരവിന്ദ് രണ്ടു മിനിറ്റ് എട്ടു സെക്കന്‍ഡില്‍ സ്വര്‍ണം നേടി. വനിതകളുടെ 200 മീറ്റര്‍ ബാക്‌സ്‌ട്രോക്കില്‍ ശ്രീലങ്കയുടെ കിമികോ റഹീമിനാണ് സ്വര്‍ണം. ഇന്ത്യയുടെ മന്ന പട്ടേലിനാണ് വെള്ളി. 100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ ഇന്ത്യയുടെ സന്ദീപ് സെജ്വാളും ഒന്നാമതത്തെി. സന്ദീപിന്റെ രണ്ടാം സ്വര്‍ണമാണിത്. സമയം: ഒരുമിനിറ്റ് 03.14 സെക്കന്‍ഡ്. കഴിഞ്ഞ തവണ ധാക്കയില്‍ സന്ദീപിന്റെ പേരിലുണ്ടായിരുന്ന ഒരു മിനിറ്റ് 05.01 സെക്കന്‍ഡാണ് തിരുത്തിയത്. വനിതാ വിഭാഗത്തില്‍ ബംഗ്‌ളാദേശിന്റെ മക്ഫുസ ഖാത്തൂനാണ് സ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ലങ്കയുടെ മാത്യു അഭയസിംഗെ സ്വര്‍ണം നേടി. ഗുവാഹതിയില്‍ ഈ താരത്തിന്റെ ട്രിപ്ള്‍ സ്വര്‍ണമാണിത്.