ദലൈലാമ അടുത്തവര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്

10.24 PM 27/10/2016
dalailama_2710
ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ അടുത്തവര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. തവാങിലെ ബുദ്ധവിഹാരത്തില്‍ അദ്ദേഹം പ്രസംഗിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദലൈലാമ തവാങില്‍ സന്ദര്‍ശനം നടത്തുന്നതിനെ അയല്‍രാജ്യമായ ചൈന മുമ്പ് എതിര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇക്കുറിയും ചൈന എതിര്‍പ്പുയര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്താണ് ബുദ്ധവിഹാരം എന്നാണ് ചൈന പറയുന്നത്. അരുണാചല്‍ പ്രദേശില്‍ രണ്ടാഴ്ചക്കാലം തങ്ങുന്ന അദ്ദേഹം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും.

കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് വെര്‍മ അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ചൈന എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള സന്ദര്‍ശനം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നായിരുന്നു ചൈനയുടെ വാദം. എന്നാല്‍ ചൈനയുടെ അഭിപ്രായത്തെ ഇന്ത്യ തള്ളിക്കളഞ്ഞു. യുഎസ് നയതന്ത്രപ്രതിനിധിയുടെ സന്ദര്‍ശനം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

1959ല്‍ ടിബറ്റന്‍ ആഭ്യന്തരയുദ്ധം രൂക്ഷമായതുമുതല്‍ ദലൈലാമ ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്. ഇന്ത്യ പിതൃഭൂമിയായി അംഗീകരിച്ച 1,00,000 ടിബറ്റന്‍ അഭയാര്‍ഥികളും ഇന്ത്യയില്‍ കഴിയുന്നുണ്ട്.