ദളിത് വിരുദ്ധ പരാമര്‍ശം: ബിജെപി എംഎല്‍എക്കെതിരേ കേസ്

03:01pm 4/8/2016
download
ഹൈദരാബാദ്: ഫേസ്ബുക്കിലൂടെ ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയ തെലുങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജാ സിംഗിനെതിരേ പോലീസ് കേസെടുത്തു. ഹൈദരാബാദ് മംഗള്‍ഹട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തില്‍ ചത്ത പശുക്കളുടെ തോലുരിഞ്ഞതിന് ദളിതരെ മര്‍ദിച്ച ഗോരക്ഷക് സമിതി പ്രവര്‍ത്തകരെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസ്.

മാംസം കഴിക്കുന്നതിനായി പശുക്കളെ കൊല്ലുന്ന ദളിതരെ മര്‍ദിക്കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നുവെന്നും അവരെ ഒരു പാഠം പഠിപ്പിച്ച ഗോരക്ഷക് സമിതി പ്രവര്‍ത്തകര്‍ക്കും തന്റെ പിന്തുണയറിയിക്കുന്നുവെന്നുമാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാജാ സിംഗ് പറയുന്നത്. പശുക്കളെ കൊല്ലുന്ന ദളിതര്‍ നിന്ദ്യരാണെന്നും എംഎല്‍എ പറഞ്ഞു. ഗോരക്ഷക് സമിതി പ്രവര്‍ത്തകര്‍ തുടര്‍ന്നും ഇത്തരത്തില്‍ രാജ്യത്തെയും സമുദായത്തെയും സേവിക്കണമെന്നും വീഡിയോയില്‍ പറയുന്നു. ഈ വീഡിയോയാണ് വിവാദമായത്. രാജാ സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരേ ആംആദ്മി പാര്‍ട്ടി വലിയ പ്രതിഷേധവും നടത്തിയിരുന്നു.