ദീപാവലി വിപണിയിൽ ചൈനീസ്​ ഉൽപ്പന്നങ്ങളുടെ വിൽപന 40% കുറഞ്ഞതായി പഠനം.

04:48 pm 22/10/2016

images (3)

ജയ്​പൂർ: ഒരു വ്യാപാര സംഘടന നടത്തിയ പഠനത്തിലാണ്​ ചൈനീസ് ഉൽപ്പന്നങ്ങളുടെ വിൽപനയിൽ 30 മുതൽ 40 ശതമാനത്തി​െൻറ വരെ കുറവ്​ വന്നതായി കണ്ടെത്തിയത്. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്​കരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരണം നടന്നിരുന്നു.

ഇന്ത്യ​യും പാകിസ്​താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടിയപ്പോൾ ചൈന പാകിസ്​താ​െൻറ പക്ഷം പിടിച്ചതാണ്​ ഉൽപ്പന്ന ബഹിഷ്​കരണത്തിലേക്ക്​ നയിച്ചത്​. ബ്രിക്​സ്​ ഉച്ചകോടിയിലടക്കം പാകിസ്​താനെ പരസ്യമായി പിന്തുണക്കുന്ന നിലപാടാണ്​ ചൈന സ്വീകരിച്ചത്​. ചൈനീസ്​ അലങ്കാര വിളക്കുകൾക്കും മറ്റു ഇലക്​ട്രാണിക്​ ഉൽപ്പന്നങ്ങൾക്കും ദീപാവലി വിപണിയിൽ ആവശ്യക്കാരേറെയാണ്​. എന്നാൽ ഇവയുടെ വിൽപ്പന കുറഞ്ഞിരിക്കുന്നു.

വിപണിയിൽ നടത്തിയ സർവേയിൽ അലങ്കാര വിളക്കുകളുടെ വിൽപ്പനയിൽ 30മുതൽ 40 ​ശതമാനം വരെയും എൽ.സി.ഡി പോലുള്ളവയുടെ വിൽപ്പനയിൽ 10 മുതൽ 15 ​ശതമാനം വരെയും കുറവ്​ രേഖപ്പെടുത്തി. മൊബൈൽ ഫോൺ വിൽപനയിൽ രണ്ടു ശതമാനവും കുറവ്​ രേഖപ്പെടുത്തിയതായി ഫെഡറേഷൻ ഒാഫ്​ രാജസ്​ഥാൻ ട്രേഡ്​ ആൻഡ്​ ഇൻഡസട്രി പ്രസിഡൻറ സുരേഷ്​ അഗർവാൾ പറഞ്ഞു.

മുൻ വർഷങ്ങളെ അപേക്ഷിച്ച്​ ചൈനീസ്​ ഉൽപ്പന്നങ്ങളുടെ വിൽപനയിൽ കുറവ്​ വന്നതായി ജയ്​പൂരിലെ വ്യാപാരികളും വ്യക്തമാക്കി.