ദേവികാ രാജന് 2017 മാര്‍ഷല്‍ സ്‌കോളര്‍ഷിപ്പ്

07:34 pm 17/12/2016
– പി.പി. ചെറിയാന്‍
Newsimg1_81480799
ജോര്‍ജ് ടൗണ്‍ : മാര്‍ഷല്‍ എയ്ഡ് കോമേറേഷന്‍ കമ്മിഷന്‍ ഡിസംബര്‍ 12 ന് പ്രഖ്യാപിച്ച 2017 മാര്‍ഷല്‍ സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുത്ത 40 പേരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ദേവികാ രാജന്‍ ഉള്‍പ്പെടെ മൂന്നു സൗത്ത് ഏഷ്യന്‍ വിദ്യാര്‍ത്ഥികളും. ദേവികാ രാജന്‍ (ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി), പാക്കിസ്ഥാന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി ഫൈസാ മസൂദു(സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യുയോര്‍ക്ക്), ബംഗ്ലാദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥി റഹ്ഫിന്‍ ഫറൂക്ക് (സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്‌സിറ്റി) എന്നിവര്‍ക്ക് ഉപരിപഠനത്തിനാവശ്യമായ സ്‌കോളര്‍ഷിപ്പ് ബ്രിട്ടന്‍ ഗവണ്‍മെന്റില്‍ നിന്നും ലഭിക്കും.

1953 ലാണ് മാര്‍ഷല്‍ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കന്‍ ജനതയില്‍ നിന്നും ലഭിച്ച സഹകരണത്തിനു നന്ദി സൂചകമായി അമേരിക്കയിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ഷല്‍ സ്‌കോളര്‍ഷിപ്പ് യുകെ ഗവണ്‍മെന്റ് ആരംഭിച്ചത്. യൂറോപ്യന്‍ റിക്കവറി പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ സ്കോളര്‍ഷിപ്പ്.

സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്നവര്‍ക്ക് ബ്രീട്ടിഷ് യൂണിവേഴ്‌സിറ്റികളില്‍ അവരിഷ്ടപ്പെടുന്ന വിഷയങ്ങളില്‍ ഉപരിപഠനം നടത്തുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കും. ദേവികാ രാജന് യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡില്‍ ബിരുദാനന്തര ബിരുദത്തിനാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്.

അമേരിക്കന്‍ വിദ്യാഭ്യാസ രംഗത്തും ബിസിനസ്സിലും രാഷ്ട്രീയത്തിലും ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന പലരും മാര്‍ഷല്‍ സ്‌കോളര്‍ഷിപ്പിനു അര്‍ഹരായവരാണ്. ഏകദേശം 1900 പേര്‍ ഈ പ്രോഗ്രാമിലൂടെ യുകെയില്‍ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.