ദേശീയ പതാകയെ അവഹേളിച്ചു; മോഡിക്കെതിരായ പരാതി കോടതിയില്‍

02:52pm 07/04/2016
modi2
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യന്‍ പതാകയെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി ഡല്‍ഹി കോടതി പരിഗണനക്കെടുത്തു. ദേശീയ യോഗ ദിനത്തിലും യു.എസ് പര്യടന വേളയിലും നരേന്ദ്ര മോഡി ദേശീയ പതാകയെ അവഹേളിച്ചെന്നാണ് പരാതി. മോഡിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്ന് പരാതിക്കാരനായ ആശിഷ് ശര്‍മ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഹരജി ഗൗരവത്തില്‍ എടുക്കുന്നതായും മെയ് ഒമ്പതിന് ഇത് പരിഗണിക്കുമെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സനിഗ്ധ സാര്‍വര്യ പറഞ്ഞു. പരാതിക്കാരനോട് തക്കതായ തെളിവുകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
modi1_0

യോഗ ദിനത്തില്‍ ഇന്ത്യാഗേറ്റില്‍ നടന്ന ചടങ്ങിനിടെ ഇന്ത്യന്‍ ദേശീയ പതാക ഷാള്‍ ആയി ഉപയോഗിച്ചെന്നും ഇതുകൊണ്ട് മുഖവും കഴുത്തും തുടച്ചുവെന്നും ആണ് പരാതിയില്‍ പറയുന്നത്. 1971ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഹോണര്‍ ആക്ട് അനുസരിച്ചുള്ള കുറ്റകൃത്യമാണ് മോഡി ചെയ്തത്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമക്ക് ഇന്ത്യന്‍ പതാക കൈമാറുന്ന വേളയില്‍ അദ്ദേഹം ഈ അവഹേളനം ആവര്‍ത്തിച്ചുവെന്നും പതാകക്കു മുകളില്‍ ഒപ്പു ചാര്‍ത്തുകയുണ്ടായെന്നും പരാതിയില്‍ പറയുന്നു. 2002ലെ നാഷണല്‍ ഫ്‌ളാഗ് കോഡ് അനുസരിച്ച് ഇത് കുറ്റകരമാണ്.